ചിറക്കടവം നടയിൽ കണ്ണമ്പള്ളി ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാട്ടുകാരും
പൊലീസും തമ്മിലുണ്ടായ സംഘർഷം
കായംകുളം: ക്ഷേത്രോത്സവത്തിലെ സംഘർഷത്തിനിടെ പൊലീസ് നടത്തിയ ലാത്തി ചാർജിൽ കലാകാരൻരടക്കം നിരവധി പേർക്ക് പരിക്ക്. ചിറക്കടവം നടയിൽ കണ്ണമ്പള്ളി ഭദ്രകാളി ക്ഷേത്രത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. നാടൻ പാട്ടിനിടെയുണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് വഴിമാറിയതാണ് പൊലീസ് ഇടപെടലിന് കാരണം.
ഉച്ചഭാഷിണി നിയന്ത്രണം കർശനമായി പാലിക്കണമെന്ന പൊലീസ് നിർദേശത്തെ തുടർന്ന് രാത്രി 10 ന് പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. ഇതിനിടെ ഉച്ചഭാഷിണിക്ക് മാത്രമാണ് നിരോധമെന്നും മൈക്കില്ലാതെ പാടണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. തുടർന്ന് രണ്ടു പാട്ട് കൂടി പാടണമെന്ന ആവശ്യം പൊലീസും അംഗീകരിച്ചു. പാട്ട് തുടരുന്നതിനിടെ ചേരിതിരിഞ് ഉടലെടുത്ത വാക്കുതർക്കം സംഘർഷത്തിന് വഴിമാറിയതോടെയാണ് പൊലീസ് ലാത്തിവീശിയത്. ഒട്ടേറെ പേർക്ക് ലാത്തിയടിയേറ്റു. സ്ത്രീകളും കുട്ടികളുമടക്കം നിലവിളിച്ച് ഓടിയതോടെ ഉത്സവ സ്ഥലം ബഹളമയമായി.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെയും നാട്ടുകാരെയും തല്ലിയ പൊലീസ്, സ്റ്റേജിൽ നിൽക്കുകയായിരുന്ന നാടൻ പാട്ട് കലാകാരന്മാരെയും ടെക്നീഷ്യൻമാരെയും മർദിച്ചതായി പരാതിയുണ്ട്. സമീപത്തെ വീടുകളിലുണ്ടായിരുന്നവരേയും അടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആക്ഷേപമുണ്ട്. മർദനമേറ്റ കൊല്ലത്ത് നിന്നുള്ള നടൻ പാട്ട് കലാകാരന്മാർ അടക്കം ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അമ്പതോളം പേരെ പ്രതിയാക്കി പൊലീസ് കേസടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.