1. കനീസക്കടവ് പാലത്തിനോട് ചേർന്ന കരിപ്പുഴ കായലിലേക്ക് തള്ളിയ മാലിന്യം. 2. ആധുനിക മാലിന്യ സംസ്കരണ പദ്ധതി ലക്ഷ്യമിടുന്ന സ്ഥലത്ത് വേർതിരിക്കാൻ പ്ലാസ്റ്റിക് മാലിന്യം എത്തിക്കുന്നു
കായംകുളം: നഗരത്തിന് സൗന്ദര്യമാകേണ്ട കരിപ്പുഴ തോടും മലയൻ കനാലും മാലിന്യം നിറഞ്ഞ് കാലങ്ങളായിട്ടും അധികൃതർക്ക് അനക്കമില്ല. മാലിന്യ സംസ്കരണത്തിന് പദ്ധതികളില്ലാത്തതിനാൽ രാത്രിയിൽ ജലാശയങ്ങളിലും വഴിയോരങ്ങളിലും മാലിന്യം നിറയുകയാണ്. മത്സ്യ-മാംസ അവശിഷ്ടങ്ങൾ, ഹോട്ടൽ മാലിന്യം, അറവുശാല മാലിന്യം, ഓഡിറ്റോറിയ മാലിന്യം, ഇറച്ചികോഴി അവശിഷ്ടങ്ങൾ, ശൗചാലയ മാലിന്യം എന്നിവ പല ഭാഗത്തും കുന്നുകൂടി ചീഞ്ഞുനാറുന്നു. വഴിയോരങ്ങളിൽ കാമറ സ്ഥാപിച്ച് തടയിടാനുള്ള ശ്രമം പരാജയപ്പെട്ടു. സംസ്കരണ പദ്ധതി ഉടൻ വരുമെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് അധികൃതർ.
നഗരത്തിലെ അറവുശാല ആധുനീകരിക്കാൻ നിലവിലുള്ളതിനോട് ചേർന്ന് 25 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടു. സ്ഥലത്തിനായി വകയിരുത്തിയ 75 ലക്ഷം കലക്ടറുടെ ഫണ്ടിൽ നിക്ഷേപിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. ആധുനിക അറവുശാലക്കായി സർക്കാർ അനുവദിച്ച 42 ലക്ഷവും ബാങ്ക് ഡിപ്പോസിറ്റായി മരവിച്ചുകിടക്കുന്നു. നൂറിന്റെ നിറവിലെത്തിയ നഗരത്തെ സൗന്ദര്യവത്കരിക്കുന്ന പൂക്കളുടെ നഗരം പദ്ധതി കടലാസിലൊതുങ്ങി. നിലവിലെ അറവുശാലയിൽ നിന്നുള്ള മാലിന്യം ഇതിനോട് ചേർന്നുള്ള കരിപ്പുഴ തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതിന് കൂടി പരിഹാരമാകുന്ന പദ്ധതി സ്തംഭിച്ചതിന് കാരണം രാഷ്ട്രീയ താൽപര്യങ്ങളാണെന്നാണ് പറയുന്നത്.
മുരുക്കുംമൂട്ടിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ പരിമിതി മറികടക്കാൻ സമീപത്ത് നാല് ഏക്കർ സ്ഥലം വാങ്ങി സംസ്കരണ പദ്ധതിക്ക് തുടക്കംകുറിച്ചിട്ട് പതിറ്റാണ്ടുകളായെങ്കിലും യാഥാർഥ്യമായില്ല. മാറിവരുന്ന ഭരണക്കാരുടെ ഭാവനയനുസരിച്ച് പദ്ധതിക്ക് മാറ്റംവരുന്നതാണ് തടസ്സമായത്. പാരിസ്ഥിതിക അനുമതി ലഭിച്ച സ്ഥലത്ത് കോടതി നിർദേശപ്രകാരം പതിറ്റാണ്ട് മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് ചുറ്റുമതിലുകളും ഗ്രീൻബെൽറ്റും സ്ഥാപിച്ച് 15 ടൺ ശേഷിയുള്ള വിൻഡ്രോ കമ്പോസ്റ്റിങ് പ്ലാന്റും ഒരു ടൺ ശേഷിയുള്ള വെർമി കമ്പോസ്റ്റിങ് പ്ലാന്റും ലക്ഷ്യമാക്കിയിരുന്നു. തുടർന്ന് വന്ന ഇടത് ഭരണത്തിൽ ആശയം മാറ്റി. പുതുതായി രൂപപ്പെടുത്തിയ പദ്ധതി കോവിഡ് കാലത്ത് തടസ്സപ്പെട്ടു.
നാലുവർഷം മുമ്പ് ചുമതലയേറ്റ പുതിയ ഭരണസമിതിയുടെ ഇടപെടലിൽ പദ്ധതിയുടെ 90 ശതമാനം പൂർത്തിയായി. ഒരുകോടി ചെലവഴിച്ച് കെട്ടിടങ്ങളും 1.26 കോടി ചെലവിൽ ആധുനിക യന്ത്ര സാമഗ്രികളുമാണ് സ്ഥാപിച്ചത്. വൈദ്യുതി ലഭിച്ചാലുടൻ യാഥാർഥ്യമാകുമെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷം 3.5 ലക്ഷം രൂപ ചെലവിൽ ശുചിത്വ സെമിനാർ സംഘടിപ്പിച്ചതിലും നല്ലൊരു തുക ചിലരുടെ പോക്കറ്റുകളിലാണ് എത്തിയതത്രേ. സ്വകാര്യ ഏജൻസിയുമായി സഹകരിച്ചുള്ള പദ്ധതിയിൽ ദുരൂഹത നിലനിൽക്കുന്നതായി ആക്ഷേപമുണ്ട്. ഇതിനിടെ നിലവിലെ നിക്ഷേപ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യാൻ ലോകബാങ്ക് സഹായത്തോടെ വന്ന ഖരമാലിന്യ നിർമാർജന പദ്ധതി അഴിമതിയുടെ മറയായി മാറുകയാണെന്ന ആക്ഷേപം ശക്തമാണ്.
ബയോ മൈനിങ് പദ്ധതിയിൽ അവ്യക്തത തുടരുന്നു. ഇടക്കിടെയുള്ള സർവേയെന്നത് ഫണ്ട് എഴുതിയെടുക്കൽ മാത്രമെന്നാണ് ആക്ഷേപം. മാലിന്യം മാറ്റിക്കൊടുത്തതിന് മാത്രം 10 ലക്ഷം ചെലവായിട്ടുണ്ടെന്നാണ് കണക്കെന്ന് ഒരുകൂട്ടർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.