കായംകുളം: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നഗരസഭ കെട്ടിടത്തിന്റെ ബലം പരിശോധിക്കാതെ മുകൾനിലയിൽ അര കോടിയോളം രൂപ ചെലവഴിച്ച് കൗൺസിൽ ഹാൾ നിർമിച്ചതിൽ ചട്ടലംഘനവും അഴിമതിയും നടന്നുവെന്ന ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ ഭരണനേതൃത്വത്തിന് തിരിച്ചടിയാകുന്നു. ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയാൽ നഗരസഭക്ക് ലക്ഷങ്ങളുടെയും ദീർഘവീക്ഷണമില്ലാത്ത പദ്ധതികളിലൂടെ കോടികളുടെയും വരുമാന നഷ്ടം സംഭവിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു മാസത്തിനുള്ളിൽ പ്രത്യേക കൗൺസിൽ വിളിച്ച് ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന നിർദേശവും അട്ടിമറിക്കപ്പെട്ടു. ഭരണപക്ഷത്തിന്റെ അഴിമതി മറയ്ക്കാനാണ് റിപ്പോർട്ട് പൂട്ടിവെച്ചിരിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. 2021-22 വർഷത്തെ ഓഡിറ്റിലാണ് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥത നിഴലിക്കുന്നത്. ഓഡിറ്റുകാർ ആവശ്യപ്പെട്ട ഫയലുകളും രേഖകളും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. അജണ്ട രജിസ്റ്റർ സൂക്ഷിക്കുന്നതിലും നടപ്പാക്കുന്നവ പരമാധികാര ബോഡിയായ കൗൺസിലിൽ ചർച്ച ചെയ്യാത്തതും വീഴ്ചയായി എടുത്തുപറയുന്നു.
പഴയ കെട്ടിടത്തിന്റെ ബലം പരിശോധിക്കാതെ 51.47 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൗൺസിൽ ഹാൾ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. 6.4 കോടി രൂപ വായ്പയെടുത്ത് നിർമിച്ച സസ്യ മാർക്കറ്റ് കെട്ടിടം ലേലം ചെയ്ത് നൽകാത്തതിലെ വീഴ്ചകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കെട്ടിടത്തിന്റെ മുകൾഭാഗത്ത് ടൈലുകൾ ഇളകിയും ചെറുവൃക്ഷങ്ങൾ വളർന്നും മലീമസമായ അവസ്ഥയിലാണ്. ജലനിർഗമന പൈപ്പുകൾ തകർന്നിരിക്കുന്നു. അപകടസാധ്യത ഉയർത്തുന്ന തരത്തിലാണ് വൈദ്യുതീകരണ സാമഗ്രികൾ ഘടിപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ടവറുകളിൽനിന്ന് നികുതി ഈടാക്കുന്നതിലെ വീഴ്ച, തൊഴിൽനികുതി ഈടാക്കുന്നതിൽ അലംഭാവം, കാക്കനാട് ഭാഗത്തെ സ്വകാര്യ മാർക്കറ്റ് പ്രവർത്തനം, നഗരസഭ സ്ഥലങ്ങളിലെ അനധികൃത ടാക്സി സ്റ്റാന്‍ഡുകൾ എന്നിവയിലൂടെ സംഭവിക്കുന്ന വരുമാന നഷ്ടങ്ങളും ചൂണ്ടിക്കാണിക്കുന്നു. വിശദാംശങ്ങൾ തേടി നൽകിയ 48 അന്വേഷണക്കുറിപ്പുകളിൽ 18 എണ്ണത്തിന് മാത്രമാണ് നഗരസഭയിൽ നിന്ന് മറുപടി നൽകിയത്. കഴിഞ്ഞ കാലങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളും വെളിച്ചം കണ്ടിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.