മുഹമ്മദ് ലുഖ്മാൻ, വിഷ്ണുജിത്
കായംകുളം: പത്തിയൂർ സ്വദേശിയായ ഐ.ടി പ്രഫഷനലിൽനിന്ന് 15.11 ലക്ഷം രൂപ തട്ടിയ സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ. ഓൺലൈൻ ഓഹരി വ്യാപാരത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കോഴിക്കോട് തിരുവമ്പാടി സ്രാമ്പിക്കൽ മുഹമ്മദ് ലുക്മാൻ (22), മലപ്പുറം തിരൂരങ്ങാടി എ.ആർ നഗറിൽ തെരുവത്ത് വീട്ടിൽ വിഷ്ണുജിത് (28) എന്നിവരെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശികളായ അബ്ദുൽ സലാം, അബ്ദുൽ ജലീൽ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ സ്ഥാപന ഗ്രൂപ്പിന്റെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലഗ്രാം, വാട്സ്ആപ് എന്നിവ വഴിയായിരുന്നു തട്ടിപ്പ്. 2024 ഡിസംബർ മുതൽ ശ്രീനിധി എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നാണ് ഷെയർ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് നൽകി പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ് ചെയ്യിപ്പിക്കുകയും ട്രേഡിങ് നിക്ഷേപം എന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു. 15.11 ലക്ഷം രൂപയാണ് പരാതിക്കാരൻ അയച്ചുകൊടുത്തത്.
ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എസ. സന്തോഷിന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എസ്. ശരത് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്.ആർ. ഗിരീഷ്, കെ. റികാസ്, കെ.യു. ആരതി എന്നിവരടങ്ങുന്ന അന്വേഷണസംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.