പ്രതീകാത്മക ചിത്രം

നാളെയാണ് നാളെയാണ്... സ്ഥാനാർഥി പ്രഖ്യാപനം കാത്ത് പ്രവർത്തകർ

കായംകുളം: പെരുന്നാൾ പിറ പ്രതീക്ഷിക്കുന്നത് പോലെയാണ് ഓണാട്ടുകര നഗരത്തിലെ ചില വാർഡുകളിലെ പ്രവർത്തകർ സ്ഥാനാർഥികളെ കാത്തിരിക്കുന്നത്. ഓരോ രാവിലും ഇന്നറിയുമെന്ന പ്രതീക്ഷയാണ് നേതാക്കൾ നൽകുന്നത്. ഇതിനിടയിൽ ലിസ്റ്റിൽ പേരുള്ളവരുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ചന്ദ്രക്കല മാനത്ത് തെളിഞ്ഞെന്ന പ്രതീതി ഉയരും. പിന്നീടാണ് അറിയുന്നത് നക്ഷത്രമാണ് ഉദിച്ചതെന്നും ചന്ദ്രക്കല തെളിയാൻ ഇനിയും സമയം വേണമെന്നും. നഗരത്തിന്‍റെ വടക്കൻ മേഖലയായ എരുവയിലാണ് ഇരുമുന്നണികളും ഈ പ്രതിഭാസത്തെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നതാണ് രസകരം.

ഏറെ കാത്തിരിപ്പിനൊടുവിൽ ഇടതുമുന്നണിയിൽ പിറ തെളിഞ്ഞെങ്കിലും നേതാക്കളുടെ ചങ്കിൽ കുത്തുന്ന തരത്തിലായിരുന്നു തീരുമാനം. ലോക്കൽ ഘടകത്തിലെ രണ്ട് നേതാക്കളുടെയും ഭാര്യമാരാണ് കഴിഞ്ഞ തവണ വാർഡുകളെ പ്രതിനിധീകരിച്ചത്. ജനറാലകുമ്പോൾ തങ്ങൾക്ക് മത്സരിക്കണമെന്ന തരത്തിലാണ് വാർഡിൽ ഇവർ കാര്യങ്ങൾ നീക്കിയത്. കൗൺസിലിലും രേഖയിലും മാത്രമായിരുന്നു വനിത കൗൺസിലർമാർ.

ഇവർക്ക് വേണ്ടി വാർഡിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ചത് ഭർത്താക്കന്മാരായിരുന്നു. മികവിന്‍റെ ബാക്കിപത്രമായി സീറ്റ് ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് പാർട്ടിയിലെ ശത്രുക്കളുടെ രംഗപ്രവേശം. ഗ്രൂപ്പും ഉപഗ്രൂപ്പും കളം നിറഞ്ഞതോടെ സീറ്റിന് പിടിവലി മുറുകി. സീറ്റ് നിഷേധിച്ചാൽ വിമതരായി രംഗത്തുണ്ടാകുമെന്ന തരത്തിലേക്ക് സംഗതി മാറിയതോടെ പാർട്ടിയും വെട്ടിലായി. അനുരഞ്ജന ചർച്ചകൾ പലകുറി നടന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ഭാര്യമാർക്ക് തന്നെ വീണ്ടും അവസരം നൽകി നേതൃത്വം തലയൂരുകകയായിരുന്നു.

കോൺഗ്രസിലാകട്ടെ ഒരേ തൂക്കമുള്ള ഒന്നിലധികം പേരുകൾ പോയ വാർഡുകളിൽ ആരെ സ്ഥാനാർഥിയാക്കുമെന്ന് നിശ്ചയമില്ലാതെ നേതാക്കളുടെ ഉറക്കം തന്നെ പോയിരിക്കുകയാണ്. ഗ്രൂപ്പ് നേതൃത്വം ഓരോരുത്തർക്കും പിന്നിൽ കട്ടക്ക് നിന്നതോടെ വടംവലി, മത്സരസ്വഭാവം കൈവരിച്ചു. വാട്സാപ്പിലും ഫേസ്ബുക്കിലും പലകുറി മത്സരാർഥികളുടെ പലസൈസ് ചിത്രങ്ങൾ മിന്നിമാഞ്ഞു. കടുത്ത തീരുമാനങ്ങളുമായിട്ടാണ് ഓരോരുത്തരുടെയും കാത്തിരിപ്പ്. കൂടുതൽ പിടിയുള്ള ഓരാളെ പ്രഖ്യാപിച്ചാൽ പിന്നീടെന്ത് സംഭവിക്കുമെന്നതിലാണ് ഇപ്പോൾ നേതാക്കളുടെ ആധി.

ഇതിനിടെ സ്ഥാനാർഥിത്വം കിട്ടാത്തതിന്‍റെ പരിഭവവുമായി ഇതുവരെ മുഴക്കിയിരുന്ന മതേതര മുദ്രവാക്യം വെടിഞ്ഞ് ചില നേതാക്കൾ ദേശീയതയിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്. ഡി.സി.സി വരെ പിടിയുള്ള ബ്ലോക്കിലെ ഉന്നതന്‍റെ പോക്ക് കണ്ടതിന്‍റെ അമ്പരപ്പാണോ, ആശ്വാസമാണോ നേതാക്കളുടെ മുഖത്തുള്ളതെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഡി.സി.സി ഓഫീസിന്‍റെ പരിസരത്ത് മാലിന്യം കിടന്നതിൽ ആത്മരോഷം പ്രകടിപ്പിച്ച് ‘ഗാന്ധിസം’ ഉയർത്തിക്കാട്ടിയ നേതാവാണല്ലോ ഇതെന്നതാണ് പ്രവർത്തകരെ കുഴപ്പിക്കുന്നത്.ഇനി ആരൊക്കെ മുദ്രവാക്യം മാറ്റി വിളിക്കുമെന്നത് കാത്തിരുന്നു തന്നെ കാണണം.

Tags:    
News Summary - Activists await the candidate announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.