കായംകുളം: മണ്ഡലം കമ്മിറ്റികൾ ഹൈക്കമാൻഡ് ഗ്രൂപ്പ് സ്വന്തമാക്കിയതോടെ ഓണാട്ടുകരയിലെ കോൺഗ്രസിൽ ചേരിതിരിവ്രൂക്ഷമാകുന്നു. നിലവിലെ ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളോട് നിസഹകരിക്കാനും സമാന്തര പരിപാടികൾ സംഘടിപ്പിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചതോടെ സ്ഥിതി കൂടുതൽ വഷളാകുകയാണ്. എ-ഐ ഗ്രൂപ്പുകളുടേതായിരുന്ന സൗത്ത്-നോർത്ത് ബ്ലോക്ക് കമ്മിറ്റികൾ പുനഃസഘടനയിൽ വേണുഗോപാൽ വിഭാഗം സ്വന്തമാക്കിയിരുന്നു.
എയിൽ നിന്നും കളംമാറ്റി ചവിട്ടിയവരാണ് പ്രസിഡന്റ് പദവികളിൽ എത്തിയത്. ഇതുകാരണം ഇവരുടെ ചുമതലയേൽക്കൽ ചടങ്ങിൽ നിന്നും പ്രബല ഗ്രൂപ്പുകൾ വിട്ടുനിന്നിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ച് സഹകരിച്ച് തുടങ്ങിയതിന് പിന്നാലെ മണ്ഡലം കമ്മിറ്റികളും നഷ്ടമായതോടെയാണ് കടുത്ത തീരുമാനങ്ങൾ എടുക്കാൻ എ ഗ്രൂപ്പ് നിർബന്ധിതരായത്. കീഴടങ്ങിയാൽ കൂടുതൽ നഷ്ടം സംഭവിക്കുമെന്ന തിരിച്ചറിവാണ് നേതൃത്വത്തിനുള്ളത്.
മണ്ഡലം പുനഃസംഘടനയിൽ കാര്യമായ നഷ്ടമാണ് എ ഗ്രൂപ്പിന് സംഭവിച്ചിരിക്കുന്നത്. 18 മണ്ഡലം കമ്മിറ്റികളിൽ 12 ഇടത്ത് പ്രസിഡന്റുമാരെ നിയോഗിച്ചപ്പോൾ ഭൂരിപക്ഷവും വേണുഗോപാൽ ഗ്രൂപ്പ് സ്വന്തമാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. 18 ൽ 16 എണ്ണവും ഇതുവരെയും തങ്ങളുടേതായിരുന്നു. ഇപ്പോൾ നടന്ന പുനഃസംഘടനയിൽ നാല് എണ്ണം മാത്രമാണ് കിട്ടിയത്. ഐക്ക് രണ്ടിടത്തും പ്രസിഡന്റുമാരെ ലഭിച്ചു. എ ഗ്രൂപ്പ് ശക്തമായി ആവശ്യപ്പെട്ട വെസ്റ്റ് മണ്ഡലം കിട്ടാതായതോടെ ഇവിടെ സമാന്തര കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. മറ്റ് മണ്ഡലങ്ങളിലും ചെയർമാനെയും കൺവീനറെയും നിശ്ചയിച്ച് പരിപാടികൾ സംഘടിപ്പിക്കാനും ഗ്രൂപ്പ് യോഗം തീരുമാനിച്ചിട്ടുണ്ട്.
വാശിയേറിയ മത്സരത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പിടിച്ചെടുക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് എ ഗ്രൂപ്പ് നീക്കം. കൂടാതെ ഏഴ് മണ്ഡലം കമ്മിറ്റികളിൽ അഞ്ചെണ്ണം വലിയ ഭൂരിപക്ഷത്തിൽ സ്വന്തമാക്കാനായതും തങ്ങളുടെ കരുത്ത് ചോർന്നിട്ടില്ലന്നതിന്റെ തെളിവാണെന്ന് ഇവർ പറയുന്നു. അതേസമയം എ-ഐ ഗ്രൂപ്പുകളിൽ നിന്നും മുതിർന്ന നേതാക്കളടക്കം വലിയ തോതിൽ പ്രവർത്തകർ തങ്ങളുടെ പക്ഷത്തേക്ക് വന്നതായി വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റികളിൽ മാറ്റം സംഭവിച്ചതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.