തൃക്കുന്നപ്പുഴ മതുക്കൽ ജങ്ഷനിൽ നശിച്ച് കിടക്കുന്ന
മത്സ്യവിജ്ഞാന കേന്ദ്രം
കാലാവസ്ഥ വ്യതിയാനം, മത്സ്യലഭ്യത, പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് എന്നിവ മത്സ്യത്തൊഴിലാളികൾക്ക് അപ്പപ്പോൾ നൽകുക, മത്സ്യമേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് വിവരങ്ങൾ പകരുക, ക്ഷേമ പദ്ധതികൾ, അനുകൂല്യങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകുക, സംശയ ദൂരീകരണത്തിന് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ച് 2007ൽ സംസ്ഥാന മത്സ്യ വകുപ്പ് ആവിഷ്കരിച്ചതാണ് മത്സ്യ വിജ്ഞാന കേന്ദ്രം പദ്ധതി.
സൂനാമി പുനരധിവാസ പദ്ധതിയിൽപെടുത്തി ആറ് കോടിയാണ് വകയിരുത്തിയത്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുത്ത തീരങ്ങളിൽ നൂറിലധികം കേന്ദ്രങ്ങൾ നിർമിച്ചു.
തീരദേശ വികസന കോർപറേഷനയിരുന്നു നിർമാണ ചുമതല. രണ്ടര മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് ഒന്നിന് ചെലവഴിച്ചത്.
ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ, പട്ടണക്കാട്, ചെത്തി, പള്ളിത്തോട്, പുന്നപ്ര എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിച്ചത്. കൃത്യമായ ആസൂത്രണമില്ലാതെ ആവിഷ്കരിച്ച പദ്ധതിയുടെ നടത്തിപ്പ് ആലപ്പുഴയിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ഒതുങ്ങുകയായിരുന്നു. ലക്ഷങ്ങൾ മുടക്കി പദ്ധതിക്ക് വാങ്ങിയ കമ്പ്യൂട്ടറും യന്ത്ര സംവിധാനങ്ങളും ഒരുദിവസം പോലും ഉപയോഗിക്കാതെ നശിച്ചു.
തിരിഞ്ഞുനോക്കാൻ ആളില്ലാതെ ഇവയെല്ലാം ഉപയോഗ ശൂന്യമായി. തൃക്കുന്നപ്പുഴ മതുക്കൽ ഭാഗത്ത് 2,68,224 രൂപ ചെലവഴിച്ചാണ് കേന്ദ്രം നിർമിച്ചത്. നിർമാണംതന്നെ തീരത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായിരുന്നില്ല. കെട്ടിടത്തിന്റെ മേൽക്കൂര ഇരുമ്പിന്റെ ഷീറ്റുകളും കമ്പികളും ഉപയോഗിച്ചാണ് നിർമിച്ചത്. ഇത് വേഗത്തിൽ തുരുമ്പെടുത്ത് നശിച്ചു. ദുർബലമായ ഫൈബർ പാനലുകളിൽ നിർമിച്ച ചുവരുകൾ പൊട്ടിപ്പൊളിഞ്ഞു. കമ്പ്യൂട്ടർ ഉൾപ്പെടെ സംവിധാനം പ്രവർത്തിപ്പിക്കാൻ പര്യാപ്തമായ ഒരു സുരക്ഷിതത്വവും കെട്ടിടത്തിനു ഇല്ലായിരുന്നു. മഴയത്ത് കയറി നിൽക്കാൻപോലും മത്സ്യത്തൊഴിലാളികൾക്ക് ഈ കേന്ദ്രങ്ങൾ പ്രയോജനപ്പെട്ടില്ലെന്നതാണ് വാസ്തവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.