ആലപ്പുഴ: അവിഹിതം ചോദ്യം ചെയ്തതിന്റെ പേരിൽ കൈക്കുഞ്ഞുമായി നിന്ന ഭാര്യയെ ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 13ാംവാർഡ് പന്നിശ്ശേരി വീട്ടിൽ സനലിനെതിരെയാണ് ഭാര്യ ശരണ്യ ആലപ്പുഴ ഡിവൈ.എസ്.പി മധു ബാബുവിന് പരാതി നൽകിയത്. മർദനത്തിൽ പരിക്കേറ്റ ശരണ്യയും കുഞ്ഞും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന്റെ സിസി.ടി.വി ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. 12 വർഷം മുമ്പായിരുന്നു വിവാഹം. സനലിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയ തർക്കമാണ് മർദനത്തിന് കാരണം. നേരത്തേയും ശരണ്യക്ക് മർദനമേറ്റതായി പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും കുടുംബപ്രശ്നമായതിനാൽ ഇടപെട്ടിരുന്നില്ല.
കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീ സനലിന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ എടുത്തത് ശരണ്യയായിരുന്നു.
ഇതേചൊല്ലിയ തർക്കത്തിന് പിന്നാലെയായിരുന്നു മർദനം. കുട്ടിയെ എടുത്ത് കൊണ്ട് നിൽക്കെയാണ് സനൽ ശരണ്യയുടെ കരണത്തടിക്കുകയും മർദിക്കുകയും ചെയ്തത്. മർദനത്തിനിടെ ശരണ്യയുടെയും കുട്ടിയുടെയും തലകൾ കൂട്ടിയിടിച്ചാണ് കുഞ്ഞിനും പരിക്ക്.
മുടിക്ക് കുത്തിപ്പിടിച്ച് ശരണ്യയെ തുടർച്ചയായി അടിച്ചെന്നും നിലത്തുകിടത്തി കഴുഞ്ഞ് ഞെരിക്കാനും ശ്രമിച്ചതായി പരാതിയിൽ പറഞ്ഞു. ഭർതൃപിതാവിന്റെ ഇടപെടലിലാണ് സനൽ ആക്രമത്തിൽനിന്നും പിൻവാങ്ങിയത്. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ശരണ്യയെ ആക്രമിക്കുന്ന വിഡിയോയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മണ്ണഞ്ചേരി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.