ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് താൽക്കാലിക വിരാമം. ഹൗസ്ബോട്ട് സർവിസുകൾ തടയരുതെന്ന് ഹൈകോടതി നിർദേശിച്ചു.
ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് സംയുക്തസമിതിയാണ് ഹൈകോടതിയെ സമീപിച്ചത്. ഒരുമാസത്തേക്കാണ് സ്റ്റേ. നിയമംലംഘിച്ച് അനധികൃതമായി ഓടുന്ന സർവിസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച മറുവിഭാവും ഹൈകോടതിയെ സമീപിക്കും.
മറ്റു ജില്ല രജിസ്ട്രേഷനുള്ള ഹൗസ്ബോട്ടുകൾ ആലപ്പുഴയിൽ ഓടാൻ അനുവദിക്കില്ലെന്ന നിലപാടുമായി ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ കോർ കമ്മിറ്റി രംഗത്തെത്തിയയതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. കൊടുങ്ങല്ലൂർ, കൊല്ലം തുടങ്ങിയ തുറമുഖങ്ങളിൽ രജിസ്റ്റർ ചെയ്ത് ബോട്ടുകൾ ആലപ്പുഴയിൽ സർവിസ് നടത്തുന്നതിനെതിരെ തടയൽ സമരവും പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഹൗസ്ബോട്ടുകൾ തടയാനും കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലുള്ള ബോട്ട് പിടിച്ചുകെട്ടാനും ശ്രമിച്ചത് സംഘർഷത്തിന് വഴിയൊരുക്കി. ഈ നീക്കത്തിൽ പ്രതിഷേധിച്ച് മറുവിഭാഗം ഒത്തുചേർന്നതോടെ പുന്നമടയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷ വാക്കേറ്റവും തർക്കവുമുണ്ടയി. ബുധനാഴ്ചക്ക് പിന്നാലെ വ്യാഴാഴ്ചയും ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്പരം പോർവിളിച്ച് നേർക്കുനേർ എത്തിയത് സംഘർഷത്തിന്റെ വക്കോളമെത്തി.
പൊലീസ് ഇടപെടലിലാണ് താൽക്കാലിക ശമനമുണ്ടായത്. പൊലീസ് സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ രണ്ടു ദിവസത്തിനകം ജില്ല ഭരണകൂടം ഇടപെട്ട് തർക്കം പരിഹരിക്കുമെന്ന് ധാരണയിലെത്തി.
ഇതിന്റെ നടപടി പുരോഗമിക്കവെയാണ് പുതിയ വഴിത്തിരിവ്. സ്റ്റേ വന്നതിനാൽ വെള്ളിയാഴ്ച സർവിസുകൾ സാധാരണനിലയിൽ നടന്നു. ദീപാവലി അടക്കം അവധിദിനങ്ങൾ വരാനിരിക്കെ സംഘർഷസാധ്യത ഒഴിവായത് ആശ്വാസകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.