ആലപ്പുഴ: ന്യൂനമർദത്തിൽ ജില്ലയിലെ കനത്തമഴ ശമനമില്ലാതെ തുടരുന്നതോടെ കുട്ടനാട്ടിലെ നെൽകർഷകർ ദുരിതത്തിൽ. സമീപ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തും കനത്തമഴ തുടരുന്നതിനാൽ കിഴക്കൻവെള്ളത്തിെൻറ വരവ് കൂടിയിട്ടുണ്ട്. തോടുകളും ആറുകളും അടക്കമുള്ള ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
കനത്തകാറ്റിലും മഴയിലും ജില്ലയിൽ ശനിയാഴ്ച മൂന്നുവീട് ഭാഗികമായി തകർന്നു. ചെങ്ങന്നൂർ എണ്ണക്കാട് വില്ലേജിൽ ഒരുവീടും കുട്ടനാട് കുന്നമ്മ വില്ലേജിൽ രജീഷ് ഭവനം മണിയൻ, കുന്നമ്മ ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്. ഇതോടെ മഴയിൽ തകർന്ന വീടുകളുടെ എണ്ണം നാലായി. കനത്തകാറ്റും മഴയും ശക്തമാകുന്നമെന്ന മുന്നറിയിപ്പിൽ ഞായറാഴ്ച ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകൽ മൂടിക്കെട്ടി അന്തരീക്ഷം മാറി വൈകീട്ടോടെ ശക്തിപ്രാപിക്കുന്ന മഴ നേരംപുലരും വരെ തുടരുന്നതാണ് ദുരിതം ഇരട്ടിയാക്കുന്നത്.
കുട്ടനാട്, അപ്പർകുട്ടനാട് അടക്കമുള്ള താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്. മേഖയിലെ രണ്ടാംകൃഷിയും അവതാളത്തിലായി. വിളവെടുപ്പിന് പാകമായ ചമ്പക്കുളം, എടത്വ, തകഴി കൃഷിഭവനുകൾക്ക് കീഴിലുള്ള പാടശേഖരങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. മഴ തുടർന്നാൽ വെള്ളംകയറിയ പാടങ്ങളിലെ നെല്ല് പൂർണമായും നശിക്കും. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ലിെൻറ പണംകിട്ടാത്തതിനാൽ കടംവാങ്ങിയാണ് പലരും രണ്ടാംകൃഷിയിറക്കിയത്. ആലപ്പുഴ നഗരത്തിൽ നൂറുകണക്കിന് വീടുകളിലാണ് വെള്ളംകയറിയത്. മഴതുടരുന്നതിനാൽ പൊഴി മുറിച്ച് കടലിലേക്ക് ഒഴുക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്.
തുടർച്ചയായ മഴയിൽ ജില്ല കുതിർന്നു. ശനിയാഴ്ച രേഖപെടുത്തിയ ശരാശരി മഴ 292.4 മില്ലീമീറ്ററാണ്. മാവേലിക്കര -87.2, ചേർത്തല -76.2, മങ്കൊമ്പ് -48, കാർത്തികപ്പള്ളി -32, കായംകുളം -49 എന്നിങ്ങനെയാണ് കണക്കുകൾ.
അമ്പലപ്പുഴ: കനത്ത മഴയിൽ പുന്നപ്ര കൊച്ചുപൊഴി നിറഞ്ഞുകവിഞ്ഞു. പ്രദേശത്താകെ വെള്ളം നിറഞ്ഞതോടെ ജനജീവിതം ഏറെ ദുസ്സഹമായി. പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാർഡ് കടലിലേക്ക് ഒഴുകുന്ന പൊഴിയുടെ ഇരുവശവും സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും കുറെ ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. ഈ ഭാഗത്ത് താമസിക്കുന്ന വീട്ടുകാരാണ് വെള്ളത്തിെൻറ കെടുതി അനുഭവിക്കുന്നത്.
വീടുകളിൽ വെള്ളം കയറിയതുമൂലം പാചകം ചെയ്യാൻപോലും പറ്റാത്ത സ്ഥിതിയാണെന്ന് പൊഴിക്കരുകിൽ താമസിക്കുന്ന പനഞ്ചിക്കൽ കുഞ്ഞുമോെൻറ കുടുബം പറഞ്ഞു. പൊഴിമുഖം മുറിച്ച് കടലിലേക്ക് വെള്ളം ഒഴുക്കിയെങ്കിലും വീടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളം വറ്റിക്കാൻ നടപടിയുണ്ടായിട്ടില്ല. സി.പി.എമ്മാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് ഭരിക്കുന്നത്. നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റിെൻറയും മുൻ പ്രസിഡന്റിെൻറയും വാർഡ് ഉൾപ്പെട്ട പ്രദേശമാണിത്.
തുറവൂർ: മത്സ്യകൃഷി ലക്ഷ്യമിട്ട് നെൽകൃഷി ഒഴിവാക്കാൻ കരിനിലങ്ങളിൽ മട മുറിച്ചതോടെ നൂറുകണക്കിന് വീടുകളിൽ ഉപ്പുവെള്ളം കയറി. തുറവൂർ ഗ്രാമപഞ്ചായത്തിലെ രണ്ട്, 15 വാർഡുകളിലെ നെൽപാടങ്ങളിലും കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പാടങ്ങളിലുമാണ് മട മുറിച്ചതിനെ തുടർന്ന് വെള്ളം കയറിയത്. ഉപ്പുവെള്ളം പാടങ്ങളിൽനിന്ന് കവിഞ്ഞ് സമീപത്തെ 300ഓളം വീടുകളിലും കയറിയിട്ടുണ്ട്.
20 വർഷമായി ഈ പാടങ്ങളിൽ നെൽകൃഷി പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. മത്സ്യകൃഷി വ്യാപകമാക്കുന്നതിനാണ് നെൽകൃഷി ഒഴിവാക്കുന്നതെന്ന് നെൽകൃഷിക്ക് വേണ്ടി സമരം നടത്തുന്നവർ പറയുന്നു. പള്ളിത്തോട് നെല്ലുൽപാദക പാടശേഖരം, വലിയ തടം പാടശേഖരം, കൊച്ചുവാവക്കാട്, മുക്കാൽവീതം എന്നീ പേരുകളിൽ അറിയപ്പെടുന്ന നൂറുകണക്കിന് ഏക്കർ നെൽപാടങ്ങളാണ് കതിരുകാണാപ്പാടങ്ങളായി മാറിയിരിക്കുന്നത്. പാടശേഖര കമ്മിറ്റികളും കൃഷി ഓഫിസുകളും മത്സ്യകൃഷി കർഷകരും ചെമ്മീൻമുതലാളിമാരും ചേർന്നുള്ള ഗൂഢാലോചനയാണ് നെൽകൃഷിയില്ലാതാക്കുന്നതെന്ന് സമരക്കാർ പറയുന്നു. 1000 രൂപ വർഷം തോറും ഒരേക്കർ നെൽപാടത്തിന് വാറ്റുകാശ് നൽകി യഥാർഥ കർഷകനെ വഞ്ചിക്കുകയാണ് മത്സ്യക്കരാറുകൾ ചെയ്യുന്നതെന്ന് സമരക്കാർ ആരോപിക്കുന്നു.
‘ഒരു മീനും ഒരു നെല്ലും’ എന്ന സർക്കാർ നയം നടപ്പാക്കുന്നതിന് ബാധ്യതയുള്ള കലക്ടർ ചെയർപേഴ്സനായ തുറവൂർ കരിനില ഏജൻസി നെൽകൃഷി നടപ്പാക്കുന്നതിന് ഒന്നും ചെയ്യുന്നില്ലെന്ന് സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. പേരിന് ചില സ്ഥലങ്ങളിൽ മാത്രം നെൽകൃഷി നടത്തിയെന്ന് വരുത്തി മോട്ടോർ പുരക്കും മറ്റ് അടിസ്ഥാന സൗകര്യം വികസിക്കുന്നതിെൻറ പേരിലും ചെലവ് എഴുതി അഴിമതി നടത്തുകയാണെന്ന് ഇവർ ആരോപിച്ചു. തുടർച്ചയായ മത്സ്യകൃഷി മൂലം അരൂർ മണ്ഡലത്തിലെ നൂറുകണക്കിന് വീടുകൾ ഉപ്പുവെള്ളം കയറി നശിച്ചിട്ടും നെൽകൃഷി നടപ്പാക്കണമെന്ന് കോടതിവിധി ഉണ്ടായിട്ടും മനുഷ്യാവകാശ ലംഘനം ആവർത്തിക്കുകയാണെന്ന് ഇവിടെയുള്ളവർ പറയുന്നു.
പെരുമഴയും മട മുറിച്ചത് വഴി അധികമായി വന്ന ഉപ്പുവെള്ളവും വീടുകളിൽ കയറുകയാണ്. മട മുറിക്കുന്നതിനെതിരെ ഇവിടെ താമസിക്കുന്നവർ സമരത്തിലാണ്. വിഷയത്തിൽ ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ കരിനിലങ്ങളുടെ വരമ്പുകളിൽ താമസിക്കുന്ന 300ഓളം കുടുംബങ്ങൾ ദേശീയപാത ഉപരോധത്തിലേക്ക് കടക്കുമെന്ന് സമരസമിതി കൺവീനർ യു.ഇ. സന്തോഷ്, സി.ബി. സാബു എന്നിവർ മുന്നറിയിപ്പ് നൽകി.
തുറവൂർ: തുടർച്ചയായി പെയ്യുന്ന മഴയിൽ അരൂർ മേഖലയിൽ ജനജീവിതം കൂടുതൽ ദുരിതപൂർണം. നൂറുകണക്കിന് വീടുകളും നടവഴികളും ഗ്രാമീണ റോഡുകളും പെയ്ത്തുവെള്ളത്താൽ നിറഞ്ഞു. ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ടാണ്.
അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളുടെ പരിധിയിൽ ഏകദേശം ആയിരത്തിലധികം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. രണ്ടുദിവസമായി പെയ്യുന്ന മഴയിൽ നാശങ്ങളൊന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വില്ലേജ് ഓഫിസർമാർ പറയുന്നത്. മഴ കനക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റില്ലാത്തതിനാൽ മരം വീഴ്ചകളോ കാര്യമായ വൈദ്യുതി തകരാറുകളോ ഇല്ലായിരുന്നു.
എന്നാൽ, അരൂർ വൈദ്യുതി സെക്ഷനിൽ വൈദ്യുതി തടസ്സം പല സ്ഥലങ്ങളിലും ഉണ്ടായി. പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് അരൂർ മേഖലയിലെ പ്രധാന പ്രശ്നം. പെയ്ത്തുവെള്ളത്തിെൻറ കുത്തൊഴുക്കിൽ മണൽ ഒലിച്ചുപോയതാണ് വീട്ടുമുറ്റങ്ങളിലെ വെള്ളക്കെട്ടിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.