തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ വല്യതറ ഉത്തമന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയപ്പോൾ
ആലപ്പുഴ: ജില്ലയിൽ വീണ്ടും മഴകനത്തതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലാണ് ദുരിതം. ചിലയിടങ്ങളിൽ കനത്തകാറ്റും നാശംവിതച്ചു. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ പലയിടത്തും വെള്ളക്കെട്ട് അതിരൂക്ഷമാണ്. ഈമാസം 15ന് തുറന്ന രണ്ട് ദുരിതാശ്വാസക്യാമ്പുകൾ ഇനിയും പിരിച്ചുവിട്ടിട്ടില്ല.
ഇവിടെ 24 കുടുംബങ്ങളിലെ 77 പേരാണ് താമസിക്കുന്നത്. ചേർത്തല കണ്ണിക്കാട് അംബേദ്കർ സാംസ്കാരിക നിലയം, രാമങ്കരി സർവിസ് കോഓപറേറ്റിവ് ബാങ്ക് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. അംബേദ്കർ സാംസ്കാരിക നിലയത്തിൽ 14 കുടുംബങ്ങളിലെ 46 പേരും രാമങ്കരിയിൽ 10 കുടുംബത്തിലെ 31പേരുമാണ് താമസിക്കുന്നത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ കിഴക്കൻ വെള്ളത്തിന്റെ വരവാണ് ദുരിതം ഇരട്ടിയാക്കുന്നത്.
ഈവർഷം അധ്യയനവർഷം ആരംഭിച്ചതുപോലും ഏറെ വൈകിയാണ്. ഇതിന് പിന്നാലെ സ്കൂൾ തുറന്നെങ്കിലും തുടർച്ചയായി അവധി നൽകേണ്ടിവന്നു. ഈസാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ല. കുട്ടനാടിലെ തോടുകളിലും ആറുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി, നീരേറ്റുപുറം, ചമ്പക്കുളം എന്നിവിടങ്ങളിലാണ് ജലനിരപ്പ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.