ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി വർധിക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ്. വേനൽ കടുക്കുമ്പോൾ ശരീരത്തിൽ ഹീറ്റ് റാഷ് ഉണ്ടാകുക, പേശീവലിവ്, താപശരീര ശോഷണം എന്നിവ സാധാരണമായി കണ്ടുവരുന്നു. വെയിലത്ത് ജോലി ചെയ്യുന്നവർ, പ്രായമുള്ളവർ, രക്തസമ്മർദംപോലെ മറ്റ് രോഗങ്ങൾക്ക് ചികിത്സിക്കുന്നവർ, കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
അമിത വിയർപ്പ്, കഠിനക്ഷീണം, തലവേദന, തലകറക്കം, പേശീവലിവ്, ഓക്കാനം, ഛർദി തുടങ്ങിയവ താപ ശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്.എന്നാൽ, അന്തരീക്ഷതാപം ഒരു പരിധിയിൽ കൂടുകയോ കഠിനമായ വെയിൽ നേരിട്ട് ഏൽക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
ശക്തി കുറഞ്ഞതും വേഗത്തിലും ഉള്ള നാഡിയിടുപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ ചികിത്സ തേടണം. അബോധാവസ്ഥയിലാകുന്ന ആൾക്ക് പാനീയങ്ങൾ കൊടുക്കുന്നത് അപകടം ഉണ്ടാക്കിയേക്കാം.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- വെയിലിൽ പണിയെടുക്കുന്നവർ രാവിലെ 11 മുതൽ ഉച്ചക്കുശേഷം മൂന്നുവരെ വിശ്രമവേളയായി മാറ്റണം.
- കഠിനമായ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- ഇടക്കിടക്ക് തണലിലേക്ക് മാറിനിൽക്കുക
- ധാരാളം വെള്ളം കുടിക്കുകയും വേണം.
- വെയിലത്ത് പാർക്ക് ചെയ്ത് വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുത്
- കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
- കുഞ്ഞുങ്ങൾക്ക് ഇടക്കിടെ പാനീയങ്ങൾ/ വെള്ളം കൊടുക്കുക.
- കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക.
- ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കുക
- ദാഹം തോന്നുന്നില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കുക
- ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയ പാനീയങ്ങൾ കുടിക്കുക.
- ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
- വായുസഞ്ചാരംഉറപ്പാക്കുന്ന വിധത്തിൽ വാതിലുകളും ജനലുകളും തുറന്നിടുക.
- വെയിലത്ത് ഇറങ്ങേണ്ടി വരുമ്പോൾ അസ്വസ്ഥത തോന്നിയാൽ തണലിലേക്ക് മാറുകയും കാറ്റുകൊള്ളുകയും ചെയ്യുക
- തണുത്ത വെള്ളം കൊണ്ട് ദേഹം തുടക്കുക
- ജലാംശം കൂടുതലുള്ള ഫലവർഗങ്ങൾ കഴിക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- യാത്രക്ക് തയാറെടുക്കുമ്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതുക
- ജ്യൂസുകൾ, ഐസ്ക്രീം തുടങ്ങിയവ ശുദ്ധജലത്തിലാണ് ഉണ്ടാക്കുന്നതെന്ന് ഉറപ്പാക്കുക.
- ഐസ് ശുദ്ധജലം ഉപയോഗിച്ചാണ് തയാറാക്കുന്നത് എന്ന് ഉറപ്പാക്കുക
- കുടിവെള്ളം അടച്ച് വൃത്തിയായി സൂക്ഷിക്കുക
- വെള്ളം സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾ കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കുക.
- വെള്ളം ശേഖരിച്ച് വെച്ചിരിക്കുന്ന പാത്രം ആഴ്ചയിൽ വൃത്തിയായി കഴുകണം
- പാത്രങ്ങൾ കഴുകാനും ശുദ്ധജലം ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.