ആലപ്പുഴ: ആഗോളതാപനത്തിന്റെ കാഠിന്യം കുറക്കാനും ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള വൃക്ഷത്തൈകളും ഔഷധസസ്യ തൈകളും നട്ടുവളർത്താനും ഹരികകേരള മിഷൻ രൂപപ്പെടുത്തിയ പച്ചത്തുരുത്തുകൾ പച്ചപിടിച്ചില്ല. പുതുജീവനേകാനുള്ള പദ്ധതിയുമായി പ്രത്യേകസംഘം. 2019ൽ പരിസ്ഥിതിദിനത്തിൽ തുടക്കമിട്ട പദ്ധതിക്ക് ആവശ്യമായ പരിചരണം കിട്ടാതായതോടെയാണ് നശിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയത് വെച്ചുപിടിപ്പിക്കാൻ ഹരിതകേരളം മിഷൻ നേതൃത്വത്തിലുള്ള സംഘമെത്തുന്നത്. നവകേരളം കർമപദ്ധതി രണ്ടിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെ 64 പച്ചത്തുരുത്തുകൾക്ക് പുതുജീവനേകുക.
അമ്പലപ്പുഴ, തൈക്കാട്ടുശ്ശേരി, വെളിയനാട്, ചമ്പക്കുളം, മുതുകുളം ബ്ലോക്കുകളിലായി 13 തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കണ്ടൽ പച്ചത്തുരുത്തുകൾ ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങൾ സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്നതാണ് പദ്ധതി.
നേരത്തേ 12.59 ഏക്കറിൽ സ്ഥാപിച്ച പച്ചത്തുരുത്തുകളാണ് നശിച്ചത്. ഇതിന് പകരം പുതിയത് വെച്ചുപിടിപ്പിച്ച് പരിചരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രത്യേക സംഘത്തിന്റെ പ്രവർത്തനം.
ജൈവവൈവിധ്യ ബോർഡ്, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണവും ഉപയോഗപ്പെടുത്തും.
പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് തരിശുഭൂമിയിൽ വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും വെച്ചുപിടിപ്പിക്കുന്ന വനമാതൃകകളാണിവ. വംശനാശഭീഷണി നേരിടുന്നവയെ പ്രാദേശികമായി കണ്ടെത്തി നട്ടുപരിപാലിക്കും. കണ്ടൽക്കാടുകൾ ഉൾപ്പെടെ സംരക്ഷിക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകൾ, നഗരങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ തുടങ്ങി അരസെന്റ് മുതലുള്ള സ്ഥലങ്ങൾ ഉപയോഗിക്കും. സംരക്ഷണത്തിന് ജൈവവേലിയും സ്ഥാപിക്കും.
ജൈവവൈവിധ്യ ബോർഡ്, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണം തേടും. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടുന്ന കൂട്ടായ്മയുമുണ്ട്. വകുപ്പുകളിൽനിന്ന് സൗജന്യമായാണ് വിത്ത് നൽകുന്നത്. തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് തുടർപരിപാലനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.