ഹ​രി​പ്പാ​ട്ടെ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ കെ​ട്ടി​ടം

ഹരിപ്പാട് കെ.എസ്.ആർ.ടി.സി കെട്ടിടം: ജനങ്ങളും ജീവനക്കാരും പെരുവഴിയിലേക്ക്

ഹരിപ്പാട്: വികസനത്തിന്റെ പേരിൽ വെയിലും മഴയും ഏൽക്കാൻ വിധിക്കപ്പെട്ട ജനങ്ങളും ജീവനക്കാരും ഒടുവിൽ പെരുവഴിയിലേക്ക്. ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന്റെ വികസനം സമ്മാനിച്ച ദുരിതം ദേശീയ പാത വികസനത്തോടെ ഇരട്ടിയാകും.ദേശീയപാത വികസനത്തിനായി നിശ്ചയിച്ച സ്ഥലത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കണമെന്ന് ദേശീയ പാത അതോറിറ്റി അന്ത്യശാസനം നൽകിക്കഴിഞ്ഞു. ഇതോടെ യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള താൽക്കാലിക സംവിധാനങ്ങൾ നഷ്ടമാകും.

മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോ ആധുനീകരിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്‌. ഡിപ്പോയും വാണിജ്യ സമുച്ചയവും ഉൾക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമാണ് വിഭാവന ചെയ്തത്. എട്ട് വർഷം മുമ്പ് തുടങ്ങിയ നവീകരണം ഇനിയും പൂർത്തിയായിട്ടില്ല.

നിർമിച്ച കെട്ടിടത്തിൽ അശാസ്ത്രീയത ഏറെയാണ്. ദേശീയപാത വികസനം മുന്നിൽ കാണാതെയുള്ള നിർമാണം വികസനത്തിന്‍റെ ലക്ഷ്യം തന്നെ അട്ടിമറിച്ചു. ദേശീയപാതക്ക് വേണ്ടി കെട്ടിടം പൊളിച്ചു കഴിഞ്ഞാൽ ഒരു ബസ് പോലും നിർത്തിയിടാനുള്ള സൗകര്യം ഡിപ്പോയുടെ മുന്നിലോ വശങ്ങളിലോ ഉണ്ടാകില്ല.ബസുകൾ വന്നുപോകുന്നത് നിരീക്ഷിക്കേണ്ട സ്ഥാനത്താണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് സ്ഥാപിക്കേണ്ടതെങ്കിലും അതിനുള്ള സൗകര്യം നിലവിലില്ല.

വാണിജ്യ ആവശ്യങ്ങൾക്ക് മാത്രം ഉപകാരപ്പെടുന്ന തരത്തിലാണ് കെട്ടിടത്തിന്‍റെ നിർമാണം പുരോഗമിക്കുന്നത്.ഇങ്ങനെയൊരു വികസനം ഒരു ഡിപ്പോക്കും വരുത്തരുതേ എന്ന പ്രാർഥനയാണ് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്കും യാത്രക്കാർക്കും ഉള്ളത്.കാലിത്തൊഴുത്തിനെക്കാൾ പരിതാപകരമായ ഷെഡിലാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജീവനക്കാരെപ്പോലെ ദുരിതാവസ്ഥയിലാണ് ഈ ഡിപ്പോയെ ആശ്രയിക്കുന്ന യാത്രക്കാരും.

മഴയും വെയിലും ഏൽക്കാതെ വാഹനം കാത്തിരിക്കാൻ നല്ലൊരു സംവിധാനം ഇവിടെയില്ല. നവീകരണം തുടങ്ങിയപ്പോൾ താൽക്കാലികമായി നിർമിച്ച വെയിറ്റിങ് ഷെഡിന്‍റെ മേൽക്കൂര തകർന്ന നിലയിലാണ്. കാലവർഷ സമയത്തെല്ലാം കടുത്ത ദുരിതമാണ് യാത്രക്കാർ അനുഭവിച്ചത്. ദേശീയപാതയുടെ പരിധിക്കുള്ളിലാണ് സ്റ്റേഷൻ മാസ്റ്റർ ഓഫിസും യാത്രക്കാരുടെ താൽക്കാലിക ഷെഡും ഉള്ളത്. അടുത്തയാഴ്ച ഇവ പൊളിച്ചുമാറ്റുന്നതോടെ ജീവനക്കാരും യാത്രക്കാരും പെരുവഴിയിലാകും.

Tags:    
News Summary - Haripad KSRTC Building: People and Staff To misery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.