സഹായ വാഗ്ദാനം നൽകി പട്ടാപ്പകൽ വയോധികയുടെ സ്വർണം കവർന്നു

ആലപ്പുഴ: ചാരിറ്റി സംഘടനയിൽനിന്ന് ധനസഹായം വാഗ്ദാനം നൽകി പട്ടാപ്പകൽ വയോധികയുടെ സ്വർണം അപഹരിച്ചതായി പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡ് ആപ്പൂർ വെളിയിൽ ഷെരീഫയുടെ (60) ആഭരണമാണ് കവർന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിലായിരുന്നു സംഭവം.

പെൻഷൻ ആവശ്യത്തിന് കയർതൊഴിലാളി ക്ഷേമനിധി ഓഫിസിൽ പോയി വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുന്നതിനിടെ മാസ്ക് ധരിച്ചെത്തിയ ഒരാളാണ് കാര്യങ്ങൾ ധരിപ്പിച്ചത്. പ്രോത്സാഹനവുമായി മറ്റൊരാളും കൂടെയുണ്ടായിരുന്നു. വിദേശത്തെ ചാരിറ്റി സംഘടന വഴി ഭർത്താവ് മരിച്ച നിർധന വീട്ടമ്മമാർക്ക് രണ്ടുലക്ഷം രൂപ ധനസഹായം നൽകുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇവർ വയോധികയെ സമീപിച്ചത്.

രണ്ടുലക്ഷം രൂപയുടെ സഹായം ലഭിക്കാൻ വൈകീട്ട് 3.30നകം 8,000 രൂപ അയച്ചുനൽകണമെന്ന് യുവാവ് ധരിപ്പിച്ചു. പിന്നീട് പണയം വെക്കാൻ സ്വർണം ആവശ്യപ്പെട്ട് ചിലരെ ഫോണിൽ വിളിക്കുന്നതായും അഭിനയിച്ചു. വിശ്വാസം ഉറപ്പാക്കാൻ ഭർത്താവിന്‍റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാൽപവനോളം വരുന്ന കമ്മൽ ഊരി നൽകുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ പണം വാങ്ങാൻ സ്റ്റാൻഡിലെത്തണമെന്ന് പറഞ്ഞ് ഇവരെ ബസിൽകയറ്റിവിട്ടശേഷം ഇവർ മുങ്ങുകയായിരുന്നു. പണം വാങ്ങാൻ ചൊവ്വാഴ്ച രാവിലെ 9.30ന് സ്റ്റാൻഡിലെത്തി ഏറെനേരം കാത്തിരുന്നു. പിന്നാലെയാണ് തട്ടിപ്പിനിരയായതെന്ന് ബോധ്യമായത്. സമീപത്തുണ്ടായിരുന്ന സ്വകാര്യബസ് ജീവനക്കാരും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും വിഷയത്തിൽ ഇടപെട്ട് നോർത്ത് പൊലീസിൽ പരാതി നൽകി.

പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് തട്ടിപ്പ്, മോഷണസംഘങ്ങൾ താവളമടിക്കുകയാണെന്ന് ബസ് ഉടമ സംഘടനയായ കെ.ബി.ടി.എ ആരോപിച്ചു.

സ്റ്റാൻഡിൽ പൊലീസ് എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. വല്ലപ്പോഴും പിങ്ക് പൊലീസ് മാത്രമാണ് എത്തുന്നത്. നിരീക്ഷണകാമറകളും സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞദിവസം സ്റ്റാൻഡിലെത്തിയ പെൺകുട്ടികളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവവുമുണ്ടായി.

Tags:    
News Summary - Gold Robberry from Elderly Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.