മണ്ണഞ്ചേരി: ചവിട്ടിയുടെ അടിയിൽ മുൻവശം ചികിത്സ നിധി പണമുണ്ട് എടുക്കുക. ദർവേഷ് ചികിത്സ സഹായ സമിതി പ്രവർത്തകർ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിലെ ഭവനത്തിൽ ചെന്നപ്പോൾ കണ്ട കുറിപ്പടിയാണ് മനസ്സിനെ കുളിരണിയിപ്പിച്ചത്. രാവിലെ വീട്ടിലെത്തിയ പ്രവർത്തകർ വീട്ടുകാരെ കാണാതിരുന്നതിനാൽ കാളിങ് ബെല്ല് പ്രവർത്തിപ്പിക്കാൻ വരാന്തയിലേക്ക് കയറിയപ്പോഴാണ് സ്വിച്ച് ബോർഡിൽ പതിപ്പിച്ച നിലയിലാണ് കുറുപ്പടി കണ്ടത്.
തറമൂടിന് സമീപം അനുപം വീട്ടിൽ റിട്ട. അധ്യാപക ദമ്പതികളായ അജിത്ത്കുമാർ-കലാദേവി എന്നിവരുടെ ഭവനത്തിൽനിന്നാണ് സുന്ദരകാഴ്ച ദർശിക്കാനായത്. ഇരുവരും പുലർച്ച ക്ഷേത്രദർശനത്തിന് പോയിരുന്നു. തങ്ങളുടെ അസാന്നിധ്യത്തിൽ സഹായം നഷ്ടപ്പെടരുതെന്ന് കരുതിയാണ് തുക ചവിട്ടിക്കടിയിൽ വെച്ചതെന്ന് അജിത് കുമാർ പറഞ്ഞു. തിരുവാർപ്പ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് അജിത് കുമാറും ആര്യക്കര എ.ബി വിലാസം സ്കൂളിൽനിന്ന് കലാദേവിയും വിരമിച്ചവരാണ്.
24ന് പനയിൽ ജങ്ഷന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പഞ്ചായത്ത് മൂന്നാം വാർഡ് കുമ്പളത്ത് വീട്ടിൽ ദർവേഷിന് (23) തലക്ക് ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചികിത്സക്ക് പണം കണ്ടെത്താനാണ് ജനപ്രതിനിധികളും മഹല്ല്, മസ്ജിദ് ഭാരവാഹികളും ജീവകാരുണ്യ പ്രവർത്തകരും ചേർന്ന് ഞായറാഴ്ച ധനസമാഹരണം നടത്തിയത്. 15 ലക്ഷം രൂപയോളം സമാഹരിക്കാനായെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ദർവേഷിന്റെ വീട് സ്ഥിതി ചെയ്യുന്ന മൂന്നാം വാർഡിൽനിന്ന് നാല് ലക്ഷം രൂപ സമാഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.