ആലപ്പുഴ: കിഫ്ബി മുഖേന നടപ്പാക്കുന്ന 299.31കോടിയുടെ കുടിവെള്ളവിതരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ റോഡുകള്‍ കിഫ്ബി വാട്ടര്‍ സപ്ലൈ ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കൈമാറാന്‍ നഗരസഭ കൗൺസിൽ തീരുമാനിച്ചു. അമൃത് പദ്ധതിയില്‍പെടുത്തി പുതിയ വിതരണ ശ്യംഖല സ്ഥാപിച്ച 21 വാര്‍ഡുകള്‍ ഒഴികെയുള്ള 31 വാര്‍ഡിലെ ജലവിതരണത്തിനുള്ള 320 കിലോമീറ്റര്‍ പൈപ്പ് ലൈനുകളാണ് പൂര്‍ണമായും മാറ്റുന്നത്.
ഇതില്‍ 140 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളും 180 കിലോമീറ്റര്‍ നഗരസഭ റോഡുകളുമാണ്. അതിനിടെ, പുതിയ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ മുന്നറിയിപ്പില്ലാതെ റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി രംഗത്തെത്തി.
ടാറിങ് പൂർത്തിയാക്കി മനോഹര റോഡുകളാണ് ഏറെയും വെട്ടിപ്പൊളിക്കുന്നത്. യഥാസമയം പണി പൂർത്തിയാക്കത്തിനാൽ മഴക്കാലത്ത് കുഴികളിൽ കൂടുതൽ വെള്ളമെത്തി റോഡ് കൂടുതൽ തകരും. റോഡുകളില്‍ പൈപ്പ് ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കാൻ ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എമാരെ പങ്കെടുപ്പിച്ച് വാട്ടർ അതോറിറ്റി, കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു.
മതിയായ തൊഴിലാളികളുടെ അഭാവത്തിൽ നഗരസഭയുടെ മഴക്കാലപൂർവ ശുചീകരണം അവതാളത്തിലാകുമെന്ന ആശങ്കയും കൗൺസിലർമാർ പങ്കുവെച്ചു. മഴക്കാലപൂർവ പ്രവർത്തനം വിപുലപ്പെടുത്താൻ 46 താൽക്കാലിക ശുചീകരണ തൊഴിലാളികളെ അടിയന്തരമായി നിയമിക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാൽ നിയമനം നടന്നില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലെ 158 തൊഴിലാളികള്‍ മതിയാകാത്ത സാഹചര്യത്തിലാണ് കൂടുതൽപേരെ നിയമിക്കാൻ കൗൺസിൽ തീരുമാനിച്ചത്.
എന്നാൽ, പ്രഖ്യാപനങ്ങളല്ലാതെ പ്രായോഗികതലത്തിൽ ആവശ്യമായ നടപടി നഗരസഭ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. നഗരസഭയുടെ പരിധിയിൽ 85 കിലോമീറ്റർ കാനയാണുള്ളതെന്ന് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.എസ്. കവിത പറഞ്ഞു.
ഇതിൽ 40 കിലോമീറ്റർ ഭാഗവും പി.ഡബ്ല്യൂ.ഡിയുടേതാണ്. ബാക്കിയുള്ള 30 കിലോമീറ്റർ ശുചീകരണം പൂർത്തിയായി. മഴക്കാലപൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് 52 വാര്‍ഡിലെയും ഇടത്തോടുകളുടെ ശുചീകരണത്തിന് തയാറാക്കിയ 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, നസീര്‍ പുന്നക്കല്‍, ആര്. വിനിത, കൗൺസിലർമാരായ സൗമ്യരാജ്, അഡ്വ. റീഗോരാജു, ബി. അജേഷ്, മെഹബൂബ്, അരവിന്ദാക്ഷന്, എല്ജിന് റിച്ചാഡ്, സെക്രട്ടറി ഷിബു നാല്‍പ്പാട്ട്, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.