അമ്മത്തൊട്ടില്‍ സന്ദര്‍ശിക്കുന്ന നിയമസഭ സമിതി അംഗങ്ങള്‍
ആലപ്പുഴ: സ്ത്രീധന പീഡന പരാതികളിലെ നടപടിക്രമങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽ അനാവശ്യ കാലതാമസം പാടില്ലെന്ന് നിയമസഭാസമിതി. പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന പരാതികളിൽ ഒരു പക്ഷത്ത് ചേർന്നുകൊണ്ട് ഉദ്യോഗസ്ഥർ അനാവശ്യമായി ഇടപെടരുതെന്നും ഇത്തരത്തിൽ സമിതിയിൽ വന്ന പരാതികൾ സ്ത്രീധനവുമായി ബന്ധപ്പെട്ട സമിതിയുടെ സ്പെഷ്യൽ റിപ്പോർട്ടായി നൽകുമെന്നും തുടർന്നുവരുന്ന സമിതി യോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.
സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്ജെൻഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യു. പ്രതിഭ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന നിയമസഭാസമിതി തെളിവെടുപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
നിയമസഭ സമിതിയിലെ മറ്റ് എം.എൽ.എമാരായ സെബാസ്റ്റ്യൻ കളത്തുങ്കൽ, ഒ.എസ് അംബിക, കെ. ശാന്തകുമാരി, ദലീമ ജോജോ, സി.കെ. ആശ എന്നിവരും ആലപ്പുഴ കലക്ട്രേറ്റിൽ നടന്ന സിറ്റിങ്ങിൽ പങ്കെടുത്തു. കലക്ടർ ജോൺ വി. സാമുവൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, എ.ഡി.എം എസ്. സന്തോഷ് കുമാർ, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ എൽ.ഷീബ, സാമൂഹ്യ നീതി വകുപ്പ് ജില്ല ഓഫീസർ എ.ഒ അബീൻ തുടങ്ങിയവരും സംബന്ധിച്ചു.
തെറ്റിദ്ധാരണയുടെ പുറത്ത് അറസ്റ്റ് ചെയ്യുന്ന കേസുകളിൽ പൊലീസ് സംയമനത്തോടെ ഇടപെടണമെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് ഒരുതരത്തിലും പാടില്ലെന്നും സമിതി നിർദേശിച്ചു. ഭർത്താവിനെ കാണാനില്ലെന്ന പരാതി നൽകാൻ എത്തിയ യുവതി നേരിട്ടത് വലിയ പീഡനങ്ങളാണെന്നും യുവതിയുടെ പരാതിയിൽ ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്പെഷ്യൽ സിറ്റിങ് നടത്തുമെന്നും സമിതി അറിയിച്ചു.
പി.ഡബ്ല്യു.ഡി. ഓവർസിയർ പട്ടികയിൽ നിന്ന് പി.എസ്.സി. തന്നെ ഒഴിവാക്കിയെന്ന ഭിന്നശേഷിക്കാരനായ വ്യക്തി നൽകിയ പരാതിയിൽ സ്പെഷ്യൽ തെളിവെടുപ്പ് യോഗം നടത്തുമെന്നും എന്തുകൊണ്ട് ഒഴിവാക്കി എന്നതടക്കമുള്ള കാര്യത്തിൽ പി.എസ്.സി.യോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സമിതി വ്യക്തമാക്കി.
ഒമ്പത് പരാതികളാണ് സമിതി പരിഗണിച്ചത്. ഇതിൽ ഒന്ന് തീർപ്പാക്കി. മറ്റു പരാതികൾ കൂടുതൽ സിറ്റിങ്ങിനായി മാറ്റിവച്ചു.
അമ്പലപ്പുഴ മണ്ഡലത്തിലെ ഞൊണ്ടിമുക്ക് എന്ന കവലയുടെ പേര് മാറ്റാൻ നിയമസഭ സമിതി നിർദേശിച്ചു. കലക്ടറേറ്റിൽ ചേർന്ന നിയമസഭ സമിതി യോഗത്തിലാണ് സമിതി ചെയർപേഴ്സൻ യു. പ്രതിഭ എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ഡി.എ.ഡബ്ല്യു.എഫ് ഭാരവാഹി ഹരികുമാർ നൽകിയ പരാതിയിലാണ് തീരുമാനമായത്.
ആലപ്പുഴ: അമ്മത്തൊട്ടിലിന്റെ മുന്‍ഭാഗം സ്വകാര്യത സംരക്ഷിക്കും വിധമാക്കണമെന്ന് നിയമസഭ സമിതി നിര്‍ദേശിച്ചു. പ്രവേശന കവാടത്തിന്റെ മുന്‍ഭാഗം മറയ്ക്കുകയോ പ്രവേശന കവാടം മാറ്റുകയോ ചെയ്യണം. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് സമിതി ഇക്കാര്യം പറഞ്ഞത്.
ജെന്‍ഡര്‍ പാര്‍ക്ക്, മഹിള മന്ദിരം, ശിശു വികലാംഗ സംരക്ഷണ മന്ദിരം, ശിശുപരിചരണ കേന്ദ്രം, സാന്ത്വനം സ്പെഷല്‍ സ്കൂള്‍, ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടില്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ജെന്‍ഡര്‍ പാര്‍ക്കിന്റെ പഴയ കെട്ടിടം അതേ ഘടനയില്‍ തന്നെ പുനര്‍നിര്‍മിക്കുന്നതിന് സമിതി നിര്‍ദേശം നല്കി.
ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്ഥാപനം എന്ന നിലയിലേക്ക് ശിശു വികലാംഗ സംരക്ഷണ മന്ദിരം മാറ്റുന്നതിന് സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്യും. ഇവിടെ തൊഴില്‍ പരിശീലനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സമിതി അറിയിച്ചു. ഭിന്നശേഷിക്കുട്ടികളെ സംരക്ഷിക്കുന്ന എന്‍.ജി.ഒ.കള്‍, എയ്ഡഡ് സ്കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ നല്‍കുമെന്ന് സാന്ത്വനം സ്പെഷല്‍ സ്കൂള്‍ സന്ദര്‍ശിച്ച ശേഷം സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.