ആലപ്പുഴ: ദേശീയപാത വികസന ഭാഗമായി നിർമിക്കുന്ന അടിപ്പാതയുടെ പട്ടികയിൽനിന്ന് തിരക്കേറിയ തുമ്പോളിയെ ഒഴിവാക്കിയതിൽ വ്യാപക പ്രതിഷേധം. ജില്ലയിലെ 32 അടിപ്പാതകളുടെ പട്ടിക പുറത്തുവന്നപ്പോൾ തുമ്പോളിയെ ദേശീയപാത അധികൃതർ പരിഗണിച്ചില്ല. തീരദേശത്തെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ചേർത്തല-ആലപ്പുഴ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് തുമ്പോളി വഴിയാണ്.
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, നഴ്സിങ് കോളജ്, ഹോസ്റ്റൽ എന്നിവയടക്കം നിരവധി സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്ന മരിയൻ തീർഥാടനകേന്ദ്രമായ തുമ്പോളി സെന്റ് തോമസ് പള്ളിയിലേക്കും തുമ്പോളി റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന പ്രധാന റോഡും വന്നുചേരുന്നത് തുമ്പോളിയിലാണ്. തുമ്പോളി സെന്റ് തോമസ് സ്കൂൾ, മാതാ സീനിയർ സെക്കന്‍ഡറി സ്കൂൾ, അരേശേരിൽ എസ്.എൻ.വി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി അയ്യായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്.
ഇവർ ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകീട്ടും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അടിപ്പാതയില്ലാതെ പാത ആറുവരിയാക്കുമ്പോൾ ഇവിടെ അപകടസാധ്യത കൂടുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളുകൾ ഉള്ളത് കണക്കിലെടുത്ത് മുകളിലൂടെ നടപ്പാലം നിർമിക്കുന്നുണ്ട്. എന്നാൽ, കുട്ടികളുമായെത്തുന്ന പ്രായമായവർക്ക് ഇത് കടന്നുപോകാൻ ബുദ്ധിമുട്ടാകും. താലൂക്ക് ആശുപത്രിയായി ഉയർത്തുന്ന ചെട്ടികാട് ഹെൽത്ത് സെന്റർ, പ്രൊവിഡൻസ് ആശുപതി തുടങ്ങിയവയും ഈറൂട്ടിലാണുള്ളത്.
പ്രധാനപാതയെയും സർവിസ് റോഡിനെയും വേർതിരിച്ച് സംരക്ഷണ ഭിത്തിയുണ്ടാകുമെന്ന് അധികൃതർ പറയുന്നു. സമീപത്തെ പൂങ്കാവ് ജങ്ഷനിൽ അടിപ്പാത നിർമിക്കുന്നതിനാലാണ് തുമ്പോളിയെ ഒഴിവാക്കിയതെന്നാണ് വിവരം. അടിപ്പാതക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. തുമ്പോളിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈമാസം 26ന് വൈകീട്ട് അഞ്ചിന് ഹൈവേ ജങ്ഷനിൽ ഐക്യദാർഢ്യ ജനകീയസംഗമവും പ്രതീക്ഷാദീപം തെളിക്കലും നടക്കും.
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി തുമ്പോളി കവലയിൽ അടിപ്പാത ഉൾപ്പെടുത്തുന്നവിധം രൂപരേഖയിൽ മാറ്റം വരുത്താൻ ദേശീയപാത തിരുവനന്തപുരം പ്രോജക്ട് ഓഫിസിൽനിന്ന് കേന്ദ്രത്തിലേക്ക് ശിപാർശ സമർപ്പിച്ചതായി എ.എം.ആരിഫ് എം.പി അറിയിച്ചു. തീരദേശ പാതയിൽനിന്ന് ആലപ്പുഴ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ തുമ്പോളിയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർക്ക് എം.പി കത്തു നൽകിയിരുന്നു. കൃപാസനം, പറവൂർ എന്നിവിടങ്ങളിലും അടിപ്പാത നിർമിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും എം.പി. കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.