ആലപ്പുഴ: ശതാബ്ദി മന്ദിരം നിർമാണത്തിെൻറ ബലക്ഷയം ഉൾപ്പെടെ അപാകതകൾ കണ്ടെത്താൻ പുറത്തുനിന്നുള്ള ഏജൻസി അന്വേഷിക്കണമെന്ന് സർക്കാറിനോട് ശിപാർശചെയ്യാൻ ആലപ്പുഴ നഗരസഭ കൗൺസിൽ തീരുമാനം.പ്രധാന കെട്ടിടത്തിെൻറ ഭാഗമായി നിർമിച്ച ഡക്ടുകളിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിൽ മുനിസിപ്പൽ എൻജീനിയർ പരിശോധന നടത്തിയ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഏജൻസിയുടെ സഹായംതേടാൻ തീരുമാനിച്ചത്. ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടപടിയിലേക്ക് നീങ്ങും.
അജണ്ടയിൽ ഉൾപ്പെടാതിരുന്ന വിഷയം നഗരസഭാധ്യക്ഷ സൗമ്യരാജാണ് അവതരിപ്പിച്ചത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും നിമിത്തം രണ്ടരവർഷത്തോളം ഉപയോഗശൂന്യമായ കെട്ടിടത്തിലേക്ക് കയറാൻ ഏഴരക്കോടി രൂപ വേണം. എല്ലാ ഡക്ടുകളിലും വിള്ളൽകണ്ടെത്തിയത് നിർമാണത്തിെൻറ അപാകതയാണ്. തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണച്ചുമതലയുള്ള ഹാബിറ്റാറ്റിന് നോട്ടീസ് നൽകി.
45 ദിവസത്തിനകം ഡക്ടുകൾ പൊളിച്ചുനീക്കി മുനിസിപ്പൽ എൻജീനിയറിങ് വിഭാഗം കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാമെന്ന് ഹാബിറ്റാറ്റ് കമ്പനി രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ട്. പ്രധാന കെട്ടിടത്തിെൻറ കാര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിൽ പുറത്തുനിന്നുള്ള ഏജൻസി പരിശോധന നടത്തണം. ഇക്കാര്യം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം, പ്രധാനകെട്ടിടത്തിന് ബലക്ഷയമില്ലെന്നും തകരാർ കണ്ടെത്തിയ ഡക്ടുകൾ പൊളിച്ചുനീക്കി എത്രയും വേഗം തുറക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.നഗരസഭ എൻജിനീയറുടെ മേൽനോട്ടത്തിൽ സർക്കാർ നിർദേശിച്ച ഏജൻസി പണിത കെട്ടിടം മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ഡക്ട് തകർന്നുവീണ് സമീപത്തെ മരവും വീടും തകർന്നത് നിസ്സാരമല്ലെന്നും ആളപായമുണ്ടാതിരുന്നത് ഭാഗ്യമാണെന്നുമായിരുന്നു ഭരണപക്ഷ അംഗങ്ങളുടെ വാദം.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പിരിച്ചുവിട്ട ശുചീകരണ വിഭാഗത്തിലെ ജീവനക്കാർക്ക് ഒരുമാസത്തെ ശമ്പളം നൽകാൻ സർക്കാറിെൻറ അനുമതി തേടാൻ തീരുമാനിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, അഡ്വ. റീഗോ രാജു, എം.ആര്. പ്രേം, ഡി.പി. മധു, നസീര്‍പുന്നക്കല്‍, സലിം മുല്ലാത്ത്, ഇല്ലിക്കൽ കുഞ്ഞുമോൻ, മെഹബൂബ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.