ചെട്ടികുളങ്ങര: സർക്കാറും തദ്ദേശ സ്ഥാപനങ്ങളും ചേർന്നു നടപ്പാക്കുന്ന പദ്ധതികൾ നിർത്തിയതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിൽ. കന്നുകാലി ഇൻഷുറൻസ്, കന്നുകുട്ടി പരിപാലന പദ്ധതി, ആട്- കോഴി വിതരണം, രാത്രി ചികിത്സ സൗകര്യം തുടങ്ങി നിരവധി സേവനങ്ങളാണ് മാവേലിക്കര ബ്ലോക്കിലെ ചെട്ടികുളങ്ങര, തെക്കേക്കര, മാന്നാർ, തഴക്കര, ചെന്നിത്തല പഞ്ചായത്തുകളിൽ നിലച്ചത്.
ക്ഷീര കർഷകർക്ക് പകുതിവിലയ്ക്ക് കാലിത്തീറ്റ നൽകുന്ന കന്നുകുട്ടി പരിപാലന പദ്ധതി സർക്കാറിന്റെ 25 ശതമാനം വിഹിതവും പഞ്ചായത്തുകളുടെ 25 ശതമാനം വിഹിതവും ബാക്കി ഗുണഭോക്തൃ വിഹിതവും ചേർത്താണ് നടപ്പാക്കി വന്നിരുന്നത്. ഇതിൽ സംസ്ഥാന വിഹിതം ലഭിക്കാതെ വന്നതോടെ ഈ വർഷം പഞ്ചായത്തുകൾ പദ്ധതി പൂർണമായി ഉപേക്ഷിച്ചു. കാലിത്തീറ്റക്ക് വില വർധിക്കുന്നതിനിടെ പദ്ധതി നിർത്തലാക്കിയത് കർഷകർക്ക് തിരിച്ചടിയായി.
സർക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം കന്നുകാലി ഇൻഷുറൻസ് പദ്ധതിയും പലപ്പോഴും തടസ്സപ്പെടുകയാണ്. വളർച്ചയെത്തിയ പശുക്കൾക്ക് 3500 രൂപവരെ ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടിവരുന്ന സ്ഥാനത്ത് സർക്കാർ പദ്ധതിയിൽ ചേരുന്നവർ 650 രൂപ മാത്രം അടച്ചാൽ മതിയായിരുന്നു. യഥാസമയം സർക്കാർ ഫണ്ട് അനുവദിക്കാതായതോടെ ബാങ്ക് വായ്പയും മറ്റും ആവശ്യമുള്ള ക്ഷീര കർഷകർ മുഴുവൻ പ്രീമിയവും അടച്ച് മാടുകളെ ഇൻഷുർ ചെയ്യാൻ നിർബന്ധിതരാകുന്നു.
പക്ഷിപ്പനി പടരുന്നതിനാൽ പലപ്രദേശങ്ങളിലും ആട്-കോഴി വിതരണം സർക്കാർതന്നെ നിർത്തിവെപ്പിച്ചിരുന്നു. ഇത് ഇനിയും പുനരാരംഭിച്ചിട്ടില്ല. ആട്-കോഴി വളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ചിരുന്ന നിരവധി പേർ ഇതോടെ പ്രതിസന്ധിയിലായി. പാൽ ലിറ്ററിന് നാലുരൂപ വരെ കർഷകർക്ക് പഞ്ചായത്തുകൾ സബ്സിഡി നൽകുന്നുണ്ടെങ്കിലും സൊസൈറ്റിവഴി പാൽ വിൽക്കുന്ന കർഷകർക്ക് മാത്രമേ ഇതിന്റെ ഗുണം ലഭിക്കുന്നുള്ളൂ. വീടുകളിൽ പാൽ വിൽക്കുന്ന ഭൂരിപക്ഷംവരുന്ന കർഷകർക്ക് സബ്സിഡി ലഭിക്കാതെപോകുന്ന അവസ്ഥയാണ്. എല്ല ക്ഷീര കർഷകർക്കും പാലിന്റെ സബ്സിഡി ലഭിക്കുന്നതരത്തിൽ പദ്ധതി പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.