കുന്തക്കാരൻ പത്രോസിനോട് അകന്നുതന്നെ സി.പി.എം: ഓർമദിനം ആചരിക്കാൻ സി.പി.ഐയുമില്ല

ആലപ്പുഴ: കമ്യൂണിസ്റ്റ് പാർട്ടിയുടെ എക്കാലത്തെയും പോരാളി 'കുന്തക്കാരൻ പത്രോസ്' എന്ന കെ.വി. പത്രോസിനെ ചേർത്തുനിർത്താൻ ഇനിയും സി.പി.എമ്മില്ല. ഇക്കാര്യത്തിൽ അടുത്തനാളിൽ സി.പി.ഐ നിലപാടിലുണ്ടായ ചില്ലറ നയവ്യതിയാനംപോലും തള്ളാനാണ് സി.പി.എം തീരുമാനം. പുന്നപ്ര-വയലാർ സമരസഖാവെന്ന നിലയിൽ വാരാചരണത്തിൽ പത്രോസും ഉൾപ്പെടുമെന്നും പ്രത്യേകമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു. അടുത്തനാളിൽ പുന്നപ്ര-വയലാർ സമരനായകനായി പത്രോസിനെ അംഗീകരിക്കാൻ തയാറായ സി.പി.ഐയും പക്ഷേ ബുധനാഴ്ച അദ്ദേഹത്തിന്‍റെ ഓർമദിനം ആചരിക്കാനില്ല.

പത്രോസിന്‍റെ 42 ാം ചരമവാർഷിക ദിനമാണ് ബുധനാഴ്ച. അടുത്തിടെ സമരത്തിന്‍റെ 75ാം വർഷത്തിലാണ് പുന്നപ്ര സമരനായകരുടെ പട്ടികയിൽ പത്രോസിന് സി.പി.ഐ ആദരം നൽകിയത്. എ.ഐ.ടി.യു.സി ആസ്ഥാനത്ത് ചിത്രം വെക്കാനും തീരുമാനമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂർ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന പത്രോസ് തരംതാഴ്ത്തലിനെത്തുടർന്ന് പാർട്ടി ബന്ധം ഉപേക്ഷിച്ചെങ്കിലും പാർട്ടിയെ തള്ളിപ്പറഞ്ഞിരുന്നില്ല. പുന്നപ്ര-വയലാർ പോരാട്ടത്തിൽ കമാൻഡർ ഇൻ-ചീഫ് എന്ന നിലയിലെ വീഴ്ചകൾ ആരോപിച്ചാണ് ആലപ്പുഴ ആറാട്ടുവഴി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. കുറച്ചുകാലം ബ്രാഞ്ച് യോഗങ്ങളിൽ മൂകനായി പങ്കെടുത്ത അദ്ദേഹം പിന്നീട് പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ''തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയുമാണ് യഥാർഥ്യത്തിൽ എന്നെ മനുഷ്യനാക്കിയത്. അതുവരെ ഞാൻ മൃഗമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞാൻ ഇതുവരെ പാർട്ടിയെ തള്ളിപ്പറയാത്തത്''- എന്നാണ് മരിക്കും മുമ്പ് പത്രോസ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

സാധാരണ തൊഴിലാളിയായിരുന്ന പത്രോസിന്‍റെ നേതൃപാടവവും അധ്വാനവുമാണ് അദ്ദേഹത്തെ പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർത്തിയത്. പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ നേതാക്കൾ ആലപ്പുഴയിലെത്തുമ്പോൾ ആദ്യ ആശ്രയം കൊമ്മാടിയിലെ കാട്ടുങ്കൽകണ്ടത്തിൽ പത്രോസിന്‍റെ കുടിലായിരുന്നു. സി. അച്യുതമേനോനൊത്ത് പലവട്ടം ഒളിവിൽ കഴിഞ്ഞിട്ടുമുണ്ട്. 1938ൽ ആലപ്പുഴയിൽ നടന്ന തൊഴിലാളി പണിമുടക്കിൽ നേതൃത്വം നൽകിയതിൽ പ്രമുഖനായിരുന്നു.

തുലാം ഏഴിന് ആലപ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനുനേരെ പൊലീസ് ഭീകര മർദനം അഴിച്ചുവിട്ടു. വെടിവെപ്പുണ്ടായി. ആ സമരത്തിലാണ് കമുകുവാരികൾ കൊണ്ടുള്ള കുന്തം തൊഴിലാളികൾ ആദ്യമായി ആയുധമാക്കിയത്. ഇതിന് നേതൃത്വം നൽകിയ പത്രോസ് അങ്ങനെ 'കുന്തക്കാരൻ പത്രോസാ'യി. പിന്നീട് പുന്നപ്ര-വയലാറിൽ ഇദ്ദേഹം ക്യാപ്റ്റനായി വ്യാപകമായി വാരിക്കുന്തം ഉപയോഗിച്ചു. പൊലീസിന് നേരെ നൂറുകണക്കിനുപേരെ പാർട്ടി തീരുമാനപ്രകാരം സജ്ജമാക്കി ആക്രമണം നയിക്കുകയായിരുന്നു പത്രോസ്.

Tags:    
News Summary - CPM and the CPI forgot former leader KV pathrose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.