സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ഗസ്സയിലെ നൊമ്പരക്കാഴ്ചകൾ ഉൾപ്പെടുത്തിയ ‘സല്യൂട്ട്’ ചിത്രപ്രദർശനത്തിൽനിന്ന്
ആലപ്പുഴ: ഗസ്സയിലെ യുദ്ധവെറിയുടെ ജീവൻതുടിക്കുന്ന ചിത്രങ്ങൾ സമ്മാനിക്കുന്നത് നൊമ്പരക്കാഴ്ചകൾ. സി.പി.ഐ സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ കേരള മീഡിയ അക്കാദമി ഒരുക്കിയ ‘സല്യൂട്ട്’ ചിത്രപ്രദർശനത്തിലാണ് വേദനകളുടെ പകർന്നാട്ടം. മുറിവേറ്റ് പിടയുന്ന കുഞ്ഞുങ്ങൾ, ചോരപുരണ്ട മനുഷ്യർ, ഭക്ഷണത്തിനായി യാചിക്കുന്ന വയോധികർ, അംഗഭംഗം വന്ന രോഗികൾ... ഇങ്ങനെ നീളുന്നു.
വാർത്തശേഖരണത്തിനിടെ കൊല്ലപ്പെട്ട രക്ഷസാക്ഷികളായ 270 മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ, രണ്ടുവർഷത്തിനിടെ 19,000 കുട്ടികളടക്കം 62,000 പേർക്ക് ജീവൻ നഷ്ടമായ ഗസ്സ നഗരത്തിന്റെ പഴയപ്രൗഢിയും തകർന്നടിഞ്ഞ കെട്ടിടത്തിന്റെ പുതിയചിത്രങ്ങളും, റോയിട്ടേഴ്സിനുവേണ്ടി മുഹമ്മദ് സലിം പകർത്തിയ പട്ടിണിയിൽ എല്ലുംതോലുമായ കുഞ്ഞിനെ മാറോട് ചേർത്ത് കരയുന്ന മാതാവ്, 2025ൽ വേൾഡ് പ്രസ് ഫോട്ടോഗ്രഫി അവാർഡ് ലഭിച്ച ന്യൂയോർക്ക് ടൈംസ് ഫോട്ടോഗ്രാഫർ സമർ അബു എലൂഫ് പകർത്തിയ ചിത്രം, 2024ൽ ഇതേ പുരസ്കാരത്തിന് അർഹമായ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹവുമായി വരാന്തയിലിരിക്കുന്ന സ്ത്രീയുടെ ചിത്രം, അഭയാർഥി ക്യാമ്പിൽ ഭക്ഷണംകിട്ടാൻ പാത്രങ്ങളുമായി നിൽക്കുന്നവർ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. 12ന് പ്രദർശനം സമാപിക്കും.
നൂറ്റാണ്ടുകൾനീണ്ട സമരത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക ഉന്നതിയുടെയും ഓർമപെടുത്തൽ കൂടിയാണ് ചിത്രപ്രദർശനം. ആദ്യം വരവേൽക്കുന്നത് സമരചരിത്രത്തെ ആവേശംകൊള്ളിച്ച വിപ്ലവഗാനങ്ങളാണ്. ആദ്യം കാണുന്നത് കാറൽമാക്സിന്റെ രൂപമാണ്. ലെനിന്റെയും കാനം രാജേന്ദ്രന്റെയും സി.കെ. ചന്ദ്രപ്പന്റെയുമൊക്കെ രൂപവും കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.
മുതലാളിത്തവും വർഗസമരവും റഷ്യയിലെ തൊഴിലാളി വിപ്ലവവുമൊക്കെ വായിച്ചുചെല്ലുന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലേക്കാണ്. ശിപായി ലഹളയും ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയതും തുടങ്ങി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെയുള്ള ചരിത്രം വായിച്ചറിയാം. എ.ഐ.ടി.യു.സിയുടെ ജനനവും ഗദ്ദർ പ്രസ്ഥാനവും മദ്രാസ് ലേബർ യൂനിയൻ രൂപവത്കരണവും കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവത്കരണവും നിരോധനവും പറയുന്നുണ്ട്. കേരളത്തിലെ അച്ചടിയുടെ ചരിത്രം, മാമാങ്കം തുടങ്ങിയവക്കൊപ്പം ആലപ്പുഴയുടെ ചരിത്രത്തിലേക്കും കണ്ണോടിക്കാം.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കരികോത്സവത്തിൽ കേരള മഹിള സംഘം മെഗാ തിരുവാതിര സംഘടിപ്പിച്ചു. പാർട്ടിയുടെ ചരിത്രവും നിലപാടുകളും നേതാക്കളുടെ പേരുകളും സമരങ്ങളും ചേർത്ത തിരുവാതിര പാട്ടിൽ നൂറോളം പേർ ചുവടുവെച്ചു.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള മഹിള സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാതിരുവാതിര
മെഗാ തിരുവാതിര കാണാൻ മന്ത്രി ജെ. ചിഞ്ചുറാണിയും താരസംഘടനയായ അമ്മ അസോസിയേഷൻ പ്രസിഡന്റ് കുക്കു പരമേശ്വരനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉണ്ടായിരുന്നു. ആലിശ്ശേരി മധു രചിച്ചതായിരുന്നു വിപ്ലവഗാനം. മെഗാ തിരുവാതിരയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.