ജില്ല കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായി പൊളിക്കുന്ന ആലപ്പുഴ ബോട്ടുജെട്ടി.
സമീപത്തായി വിനോദസഞ്ചാരബോട്ടായ ‘വേഗ’യും ശിക്കാരവള്ളങ്ങളും കാണാം
ഫെബ്രുവരി ഒന്ന് മുതൽ താൽക്കാലികമായി നിർമിച്ച മാതാബോട്ടുജെട്ടിലേക്ക് മാറ്റും
ആലപ്പുഴ: പൈതൃകപദ്ധതിയുടെ ഭാഗമായി ജില്ല കോടതിപ്പാലം പൊളിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി നഗരഹൃദയത്തിലെ ചരിത്രമുറങ്ങുന്ന ആലപ്പുഴ ബോട്ടുജെട്ടിക്ക് സ്ഥാനചലനം.
ഫെബ്രുവരി ഒന്ന് മുതൽ നിലവിലെ ബോട്ടുജെട്ടിക്ക് സമീപം താൽക്കാലിക സംവിധാനമൊരുക്കി മാതാജെട്ടിയിലേക്ക് മാറ്റുന്ന പ്രവർത്തികളാണ് പുരോഗമിക്കുകയാണ്. ഇലക്ട്രിഫിക്കേഷൻ ജോലികളും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനവുമാണ് നടക്കുന്നത്. ഇതിന് മുന്നോടിയായി നിലവിലെ ബോട്ടുജെട്ടിക്ക് സമീപത്തെ കടകൾ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് അടക്കമുള്ള കെട്ടിടങ്ങൾ ഈമാസം 31നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജലഗതാഗതവകുപ്പ് അധികൃതർ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി.
താൽക്കാലിക ബോട്ടുജെട്ടി പൂർണപ്രവർത്തനം തുടങ്ങിയതിന് പിന്നാലെ പഴയ ബോട്ടുജെട്ടി പൊളിച്ചുനീക്കും. ഇതിനായി കരാർ നൽകി. ഇതോടെ ആലപ്പുഴുടെ സ്വന്തം ബോട്ടുജെട്ടിയും ഓർമയുടെ തീരത്തേക്ക് പോകും. പഴയകെട്ടിടങ്ങളും കൽപടവുകളും മേൽക്കൂരയും ബോട്ടുകൾ വലിച്ചുകെട്ടുന്ന ഇരുമ്പുകൊളുത്തുകളും അടങ്ങുന്ന നിരവധി പൈതൃകകാഴ്ചകൾ ഉൾപ്പെട്ടതാണ് ഇപ്പോഴത്തെ ബോട്ടുജെട്ടി. ഇത് പൊളിച്ചുനീക്കി മൊബിലിറ്റി ഹബ് പൂർത്തിയാക്കുമ്പോൾ ആധുനിക ബോട്ട് ജെട്ടി തൽസ്ഥാനത്ത് ഉയരുന്നതാണ് പദ്ധതി. അതുവരെ താൽക്കാലിക ജെട്ടിയിൽ ബോട്ടുകൾ സ്ഥാനംപിടിക്കും.
ബോട്ടുജെട്ടിമാറ്റത്തോടെ ഔട്ട് പോസ്റ്റ് ഭാഗത്തുനിന്ന് സിവിൽസ്റ്റേഷൻ ഭാഗത്തേക്ക് താൽക്കാലിക റോഡിന്റെ ബണ്ട് നിർമാണവും തുടങ്ങും. ഇതിന് മുന്നോടിയായി കോടതിപ്പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിടുന്ന ശിക്കാരബോട്ടുകളും വള്ളങ്ങളും ഔട്ട് പോസ്റ്റിന് കിഴക്കുഭാഗത്തേക്ക് മാറ്റുന്നതിനായി നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി പോർട്ട് ഓഫിസർക്ക് കത്ത് നൽകി. നിർമാണത്തിന്റെ ഭാഗമായി ബോട്ടുജെട്ടി പരിസരത്തെ ഏതാനും കടകളും ഉടൻപൊളിച്ചുമാറ്റും. ബണ്ട് സ്ഥാപിക്കുമ്പോൾ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ കനാലിൽ പൈപ്പ് സ്ഥാപിക്കുന്ന ജോലികളും വേഗത്തിൽ തുടങ്ങും. ഇതിനായി ഒരു ലോഡ് പൈപ്പ് കൂടി എത്തണം. അതേസമയം, പാലത്തിന്റെ കിഴക്കേക്കരയിൽ പൈലിങ്ങിനുള്ള രണ്ടാമത്തെ ഡ്രില്ലിങ് റിങും എത്തിയിട്ടുണ്ട്. കനാൽ തീരത്തെ മത്സ്യകന്യകയുടെ ശിൽപം എന്തുചെയ്യണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.