ആലപ്പുഴ: രണ്ടുദിവസത്തെ ഇടവേളക്കുശേഷം മഴ ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടിലെ രണ്ടാംകൃഷി ആശങ്കയിൽ. പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതിനൊപ്പം മടവീഴ്ചയുണ്ടാകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രണ്ടാംകൃഷിക്കായി പാടശേഖരങ്ങളിൽ തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് വെള്ളപ്പൊക്കം ദുരിതമായത്. നിലവിൽ പത്തിലധികം പാടശേഖരങ്ങളിലാണ് മടവീഴ്ചയുണ്ടായത്. ഇതിനൊപ്പം മിക്ക പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
ചിലയിടങ്ങളിൽ ബണ്ട് പുനർനിർമിച്ചാൽ മാത്രമേ വെള്ളംവറ്റിക്കാൻ കഴിയൂ. റിങ് ബണ്ട് നിർമിക്കാൻ ലക്ഷങ്ങൾ തന്നെ വേണ്ടി വരും. മുൻകാലങ്ങളിൽ റിങ് ബണ്ട് നിർമിച്ചതിന്റെ തുക ഇതുവരെ ലഭിക്കാത്ത പാടശേഖരങ്ങളാണ് അധികവും. വീണ്ടും മടകെട്ടാനും ബണ്ട് നിർമിക്കാനും കൃഷിവകുപ്പിന്റെ സഹായംകൂടിയേ തീരൂ. ഇനി ബണ്ട് നിർമിച്ച് വെള്ളം വറ്റിക്കാൻ ആഴ്ചകൾ തന്നെ വേണ്ടിവരും. മഴകൂടിയാൽ രണ്ടാംകൃഷിക്ക് താമസം നേരിടേണ്ടിവരും.
60 ക്യാമ്പുകൾ; 9951പേർ
ആലപ്പുഴ: നദികളിലും തോടുകളിലും ജലനിരപ്പിന് നേരിയ കുറവുണ്ടെങ്കിലും ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവർ വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. നിലവിൽ 2778 കുടുംബങ്ങളിലായി 9951പേർ 60 ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നുണ്ട്. അമ്പലപ്പുഴ-19, കുട്ടനാട്-18, കാർത്തികപ്പള്ളി-10, മാവേലിക്കര-നാല്, ചെങ്ങന്നൂർ-ഏഴ്, ചേർത്തല-രണ്ട് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. കുട്ടനാട്ടിലെ ഗ്രാമീണറോഡുകളും സ്കൂളുകളും വെള്ളക്കെട്ടിലായതിനാൽ ഇനിയും സ്കുൾ തുറക്കാനായിട്ടില്ല. അംഗൻവാടി പ്രവേശനോത്സവും ഒഴിവാക്കിയിരുന്നു.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽനിന്ന് വെള്ളമിറങ്ങിയെങ്കിലും പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കാവാലം, വെളിയനാട് അടക്കമുള്ള ഉൾപ്രദേശങ്ങളിൽ ആയിരക്കണക്കിന് വീടുകൾ വെള്ളത്തിലാണ്. തോട്ടപ്പള്ളി സ്പിൽവേ പൊഴിമുറിച്ച് കൂടുതൽ ജലം കടലിലേക്ക് ഒഴുക്കുന്നുണ്ട്. ജില്ലയിൽ പലയിടത്തും ബുധനാഴ്ച മഴയുണ്ടായിരുന്നു. കായംകുളത്തായിരുന്നു കൂടുതൽ. ഇവിടെ 63 മി.മീറ്റർ മഴ ലഭിച്ചു. ചേർത്തല-27, മങ്കൊമ്പ്-11.8, ഹരിപ്പാട്-18 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ കണക്ക്.
ദുരിതാശ്വാസക്യാമ്പിൽ പോകാത്ത നാലുകുടുംബങ്ങൾ എ.സി റോഡിൽ ഒന്നാംകരപാലത്തിനടയിലാണ് താമസിക്കുന്നത്. സമീപത്തെ പാടശേഖരം നിറഞ്ഞ് വീട്ടിൽ വെള്ളംകയറിയതിനൊപ്പം വളർത്തുമൃഗങ്ങളെ തനിച്ചാക്കി ക്യാമ്പിലേക്ക് പോകാൻ കൂട്ടാക്കാതിരുന്നതോടെയാണ് ഇവർ പാലത്തിനടിയിൽ താമസമാക്കിയത്.
പള്ളാത്തുരുത്തി, കിടങ്ങറ, നീരേറ്റുപുറം മേഖലകളിൽ ജലനിരപ്പ് അപകടനിലക്ക് താഴെയെത്തി. എന്നാൽ, ജലനിരപ്പ് സാധാരണനിലയിലേക്ക് എത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. കുട്ടനാട് താലൂക്കിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾക്കൊപ്പം 692 ഭക്ഷണ വിതരണകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 34068 കുടുംബങ്ങളിലെ 1,35,753 പേർക്കാണ് ഭക്ഷണം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.