മാവേലിക്കര: ഭിന്നശേഷിക്കാരനെ അയൽവാസി വീടുകയറി ആക്രമിച്ചതായി പരാതി. കുറത്തികാട് വല്യത്ത് വീട്ടിൽ രഘുനാഥൻ പിള്ളയെ (60) അയൽവാസി വല്യത്ത് പുത്തൻവീട്ടിൽ സന്തോഷ് കുമാറും കൂട്ടാളികളും ചേർന്ന് ആക്രമിച്ചതായാണ് പരാതി.സാമൂഹിക പ്രവർത്തകനായ രഘുനാഥിനെയും കുടുംബത്തെയും കഴിഞ്ഞ കുറെ വർഷമായി ഇയാൾ വേട്ടയാടുകയാണ്.
ഇവരെ അസഭ്യം പറയുന്നത് പതിവായിരുന്നു. രഘുനാഥന്റെ ഭാര്യ ശ്രീദേവിക്കുനേരെ സന്തോഷ് കുമാർ നഗ്നതാപ്രദർശനം നടത്തിയതിന് കഴിഞ്ഞ 29-ന് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞദിവസം രഘുനാഥപിള്ള വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാളുടെ വീടിന്റെ അതിരുകല്ലുകൾ പിഴുത് എറിഞ്ഞു. ഇത് ചോദ്യം ചെയ്യുകയും പൊലീസിൽ വീണ്ടും പരാതി നൽകുകയും ചെയ്തു. തുടർന്നാണ് അക്രമാസക്തമായ സംഭവങ്ങൾ അരങ്ങേറിയത്. രഘുനാഥനെയും ഭാര്യയെയും അസഭ്യം പറയുകയും തുടർന്ന് കാർപ്പോർച്ച് മറച്ചിരുന്ന ഫൈബർ ഷീറ്റുകളും ഗ്രില്ലും അടിച്ചു തകർത്തു.
പോർച്ചിൽ കിടന്നിരുന്ന കാറിനും കേടുപാടുകൾ വരുത്തി. ഇരുമ്പു കമ്പി ഉപയോഗിച്ച് രഘുനാഥന്റെ കൃത്രിമ കാലിന് സാരമായ കേടുപാടുകൾ വരുത്തി. കമ്പി തെറിച്ചു വീണ് വലതുകാലിനും പരിക്കേറ്റു. ആക്രമണത്തിൽ ഗേറ്റിനും കേടുപാടുണ്ടായി. അസഭ്യവർഷം ചൊരിഞ്ഞ് രഘുനാഥനെയും കുടുംബത്തെയും വെട്ടിനുറുക്കുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണി മുഴക്കി. ഇതു കാരണം ഈ കുടുംബം വളരെ ആശങ്കയോടെയാണ് കഴിയുന്നത്. ഇത് സംബന്ധിച്ച് രഘുനാഥപിള്ള ഡി.ജി.പിക്കും,ആലപ്പുഴ ജില്ല പൊലീസ് മേധാവി ,വികലാംഗ കമീഷൻ ,ചെങ്ങന്നൂർ ഡിവൈ.എസ്.പി എന്നിവർക്കും പരാതി നൽകി.
വർഷങ്ങൾക്ക് മുമ്പ് ട്രെയിൻ യാത്രക്കിടയിൽ ഒരു കാൽ നഷ്ടപ്പെട്ട് 75 ശതമാനം ഭിന്നശേഷിയുള്ള ആളാണ് രഘുനാഥപിള്ള .പിന്നീട് കൃത്രിമകാലിന്റെ സഹായത്തോടെയാണ് ഇയാൾ ജീവിക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. എൽ.ഐ.സി ഏജൻറാണ് രഘുനാഥന്റെ ഭാര്യ. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.