ലൈഫ്​ ബോയ ഉപയോഗിച്ച്​ ആലപ്പുഴ കടലിൽ നീന്തുന്ന സഞ്ചാരികൾ

കടലിൽ സഞ്ചാരികളെ ഇറക്കാൻ പണം; ലൈഫ് ഗാർഡുകൾക്കെതിരെ പരാതി

 ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ എത്തുന്ന സഞ്ചാരികളെ കടലിൽ ഇറക്കി ലൈഫ് ഗാർഡുമാർ നിശ്ചിത തുക വാങ്ങുന്നതായി പരാതി. ജോലിക്കെത്തിയശേഷം ബീച്ചിൽ ചുറ്റിത്തിരിയുന്നതിനൊപ്പമാണ് അനധികൃത പാക്കേജ് നടപ്പാക്കുന്നത്. ലൈഫ് ഗാർഡിന് പണംനൽകിയാൽ ലൈഫ് ബോയയിൽ പിടിച്ച് 10 മിനിറ്റ് കടലിൽ നീന്താം.സഞ്ചാരികൾ കൂടുതൽ എത്തുന്ന അവധിദിവസങ്ങളിലാണ് കൂടുതലായും പണം വാങ്ങുന്നുവെന്ന് പരാതി.

കടപ്പുറത്ത് രണ്ട് ബാച്ചുകളിലാണ് ലൈഫ് ഗാർഡുമാർ ജോലിക്കെത്തുന്നത്. ഇതിൽ ഒരുബാച്ചിൽപ്പെട്ട രണ്ട് പേർക്കെതിരെയാണ് പരാതി ഉയർന്നത്. ബീച്ചിൽ എത്തുന്നവരുടെ സുരക്ഷക്ക് വിനോദസഞ്ചാര വകുപ്പാണ് ലൈഫ് ഗാർഡുകളെ നിയോഗിച്ചിട്ടുള്ളത്. നിയമപ്രകാരം ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്ക് കടലിൽ ഇറങ്ങുന്നതിന് അനുവാദമില്ല. ഏതെങ്കിലും ആളുകൾ തിരയടിച്ച് കടലിൽ വീണാൽ ഇവരെ രക്ഷപ്പെടുത്തുകയാണ് ലൈഫ് ഗാർഡിന്‍റെ ചുമതല. ഇവർ തന്നെ നിയമവിരുദ്ധമായി നീന്താൻ സഞ്ചാരികളിൽനിന്ന് പണം വാങ്ങിയാണ് കടലിൽ ഇറക്കുന്നത്.

സംഭവത്തിൽ ലൈഫ് ഗാർഡുമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ പറഞ്ഞു. ഇതുസംബന്ധിച്ച് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തിയെന്നും നിജസ്ഥിതി മനസ്സിലാക്കാൻ വിനോദസഞ്ചാര വകുപ്പിനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും കലക്ടർ പറഞ്ഞു.

Tags:    
News Summary - Complaint against lifeguards for taking money to tourists play in the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.