ആലപ്പുഴ: തീരദേശ ഹൈവേ വികസനത്തിന് സർക്കാർവക സ്ഥലം ഒഴിവാക്കി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതായി പരാതി. തീരുമാനം സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നിരിക്കെയാണ് വിവാദ നടപടി. തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിൽ തോട്ടപ്പള്ളി ജങ്ഷൻ മുതൽ പൊഴിമുഖംവരെ ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിലാണ് വിവാദം.
റോഡിന്റെ വീതി നിലവിലെ ആറിൽനിന്ന് 14 മീറ്ററായി വർധിപ്പിക്കാനാണ് പദ്ധതി. തോട്ടപ്പള്ളി ജങ്ഷൻ മുതൽ പൊഴിമുഖം വരെ നിലവിലെ റോഡിന്റെ വടക്ക് ഭാഗത്ത് സ്പിൽവേ ചാനലിന് സമാന്തരമായി ഏഴ് മീറ്റർ വീതിയിൽ ഇറിഗേഷൻ വകുപ്പിന്റെ പുറമ്പോക്ക് സ്ഥലമുണ്ട്.
റോഡ് വികസനത്തിന് അധികമായി ഏറ്റെടുക്കേണ്ടത് എട്ട് മീറ്ററാണ്. ഇത്രയും സ്ഥലം റോഡിന്റെ ഒരുഭാഗത്തെ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കാനാണ് ഇപ്പോൾ ഉദ്യോഗസ്ഥ തീരുമാനം.
സർക്കാർ പുറമ്പോക്ക് നിലവിലുള്ളപ്പോൾ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിലാണ് പ്രതിഷേധം ഉയരുന്നത്. ദേശീയപാത വികസന ഭാഗമായി തോട്ടപ്പള്ളി ജങ്ഷനിലെ കടകൾ പൂർണമായും എൻ.എച്ച്.ഐ ഏറ്റെടുത്തിരുന്നു.
ഇവിടെ ഉണ്ടായിരുന്ന വാണിജ്യസ്ഥാനങ്ങൾ പൊളിച്ചുനീക്കി തുടങ്ങി. ഇപ്പോഴത്തെ പദ്ധതി അനുസരിച്ച് ജങ്ഷനിൽ തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിലെ കടകളും തീരദേശ ഹൈവേയുടെ വികസനത്തിന്റെ ഭാഗമായി ഇല്ലാതാകും. എട്ട് മീറ്റർ സ്ഥലം നിലവിലെ റോഡിന് തെക്ക് ഭാഗത്ത് പൂർണമായും എടുക്കുന്നതിലൂടെ സർക്കാറിന് നഷ്ടമാകുന്നത് 20 കോടിയാണ്.
മൂന്ന് മീറ്റർ പുറമ്പോക്ക് കൂടി എടുത്താൽ സർക്കാറിന് കോടികളുടെ നഷ്ടം ഒഴിവാക്കാനാകും. മൂന്ന് മീറ്റർ സർക്കാർ പുറമ്പോക്ക് കൂടി ഏറ്റെടുത്താൽ തോട്ടപ്പള്ളിയിലെ വ്യാപാരസ്ഥാപനങ്ങളെ സംരക്ഷിക്കാനുമാകും.
ആറാട്ടുപുഴ: തീരദേശ ഹൈവേ നിർമാണ ഭാഗമായി ആറാട്ടുപുഴയിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവേ ആരംഭിച്ചു. പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിന്‍റെ (കെ.ആർ.എഫ്.ബി) മേൽനോട്ടത്തിലാണ് പ്രവർത്തനം നടക്കുന്നത്.
വലിയഴീക്കൽ മുതൽ കള്ളിക്കാട് പഞ്ചായത്ത് ജങ്ഷന് തെക്കുവശം രെ അതിർത്തി തിരിച്ചുള്ള കല്ലിടൽ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.