ചെങ്ങന്നൂർ: ആലംബഹീനരും അശരണരുമായ കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ പൊൻവെളിച്ചവുമായി യുവാവായ കെ.എ. കരീം. സുമനസ്സുകളുടെ സഹകരണത്തോടെ സുരക്ഷിതമായ സാഹചര്യത്തിൽ അടച്ചുറപ്പുള്ള വീടുകളിൽ കഴിയാനുള്ള സാഹചര്യം ഒരുക്കുന്ന മാന്നാർ കുരട്ടിശ്ശേരി കൊച്ചാനേത്ത് പുത്തൻപുരയിൽ കെ.എ. കരീമിന്റെ ‘ചോരാത്ത വീട്’ പദ്ധതി വിജയകരമായി മുന്നേറുകയാണ്.
പുനരുദ്ധാരണവും പുതിയ വീടുകളുമായി 11ാം വർഷത്തിലെത്തിയപ്പോൾ 49ാമത്തെ വീടിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. 2014ൽ മാന്നാർ ഗ്രാമപഞ്ചായത്ത് കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് അംഗമായിരുന്ന സമയത്താണ് പദ്ധതിക്കു തുടക്കമിട്ടത്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീടുകളുടെ അവസ്ഥകളാണ് പദ്ധതിക്ക് കെ.എ. കരീമിനെ പ്രേരിപ്പിച്ചത്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിലാണ് ഇതു സമർപ്പിച്ചിരിക്കുന്നത്.
തുടക്കം മാന്നാർ മേജർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണമ്മ-സുരേന്ദ്രൻ ദമ്പതികളുടെ ശങ്കരമംഗലം വീടിന്റെ നിർമാണത്തോടെയായിരുന്നു. 10 വീടുകൾ പൂർത്തിയായപ്പോൾ പ്രായാധിക്യത്തെപ്പോലും അവഗണിച്ച് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത എത്തിച്ചേർന്നത് ഏറെ ശ്രദ്ധേയമായി. മസ്കുലർ ഡിസ്ട്രോഫി രോഗം പിടിപെട്ട സച്ചിനും സെറിബ്രൽ പാൾസി രോഗം പിടിപെട്ട പ്രസീദിനും വീട് നിർമിച്ചുനൽകി.
മന്ത്രി സജി ചെറിയാൻ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയും ചോരാത്ത വീട് പദ്ധതിയും ചേർന്ന് മൂന്ന് വീടുകളാണ് നിർമിച്ച് നൽകിയത്. മഹാകവി കുമാരനാശാന്റെ സ്മരണക്കായി മാന്നാർ കുട്ടമ്പേരൂർ 12ാം വാർഡിൽ നിർമിക്കുന്ന വീട് ഉൾപ്പെടെ നാലെണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഒരേസമയം വിവിധ സ്ഥലങ്ങളിലായി ഇപ്പോൾ പുരോഗമിക്കുന്നത്. 49ാമത് വീടിന്റെ പണികൾ പുരോഗമിക്കുകയാണ്. മലങ്കര കത്തോലിക്ക സഭയുടെ കാരുണ്യ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും പദ്ധതിയെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.