ചേർത്തല: ചേർത്തല നഗരത്തിലെ ഇരുമ്പുപാലത്തിന് ബലക്ഷയം കണ്ടെത്തിയ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ ഗതാഗതം നിയന്ത്രിക്കും. പാലത്തിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചു. നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ ട്രാഫിക് കമ്മിറ്റിയിലാണ് തീരുമാനം. ചേർത്തലയിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ എക്സ്റേ ജങ്ഷൻവഴി സ്റ്റാൻഡിലേക്കും തിരിച്ചും സർവിസ് നടത്തും.
അരൂക്കുറ്റി, തവണക്കടവ്, കോട്ടയം, മുഹമ്മ തുടങ്ങിയ ഇടങ്ങളിൽനിന്നു വരുന്ന പ്രൈവറ്റ് ബസുകൾ ഹൈവേ വഴി പൊലീസ് സ്റ്റേഷൻ ജങ്ഷനിലൂടെ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. ടുവീലർ, കാർ, പിക്അപ്, ഓട്ടോ തുടങ്ങിയ ചെറുവാഹനങ്ങൾ മാത്രം പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്താനും യോഗത്തിൽ ധാരണയായി. ഇരുമ്പുപാലത്തിലൂടെ ഭാരവണ്ടികളുടെ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കൃഷിമന്ത്രി പി. പ്രസാദിന്റെ ഇടപെടലിനെ തുടർന്ന് കൺസൾട്ടന്റ് ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള കിഫ്ബി സംഘം കഴിഞ്ഞദിവസം പാലം പരിശോധിച്ചിരുന്നു. മന്ത്രിയുടെ അധ്യക്ഷതയിൽ ക്യാമ്പ് ഓഫിസിൽ നഗരസഭ അധികൃതർ, പൊലീസ്, മോട്ടോർ വാഹന, കെ.ആർ.എഫ്.ബി, പൊതുമരാമത്ത്, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്ന് ഗതാഗത നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ട്രാഫിക് കമ്മിറ്റി ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.