ചമ്പക്കുളം മൂലം വള്ളംകളിയുടെ പവിലിയന്റെ കാൽനാട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്
കെ.ജി. രാജേശ്വരി നിർവഹിക്കുന്നു
ആലപ്പുഴ: തുഴകൾ തമ്മിൽ കണക്കുതീർക്കുന്ന കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ട് ഓളപ്പരമ്പിൽ തീപടർത്താൻ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ഈമാസം ഒമ്പതിന് ഉച്ചക്ക് 2.30ന് ചമ്പക്കുളം പമ്പയാറ്റില്‍ നടക്കും. ഇക്കുറി ജലോത്സവത്തിൽ മാറ്റുരക്കുന്നത് അഞ്ച് ചുണ്ടൻവള്ളങ്ങളാണ്.
ഇതിനൊപ്പം മൂന്നുവീതം വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ് വള്ളങ്ങളും തുഴയെറിയും. ചുണ്ടൻ വിഭാഗത്തിൽ നടുഭാഗം ചുണ്ടൻ (നടുഭാഗം ബോട്ട് ക്ലബ്), ചെറുതന ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), ആയാംപറമ്പ് പാണ്ടി (കൈനകരി യു.ബി.സി), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), ആയാപറമ്പ് വലിയ ദിവാൻജി (നിരണം ബോട്ട് ക്ലബ്). ബി ഗ്രേഡ് വെപ്പ് വിഭാഗത്തിൽ പി.ജി. കരിപ്പുഴ (കൊണ്ടാക്കൽ ബോട്ട് ക്ലബ്), ചിറമേൽ തോട്ടുകടവൻ (കൊടുപ്പുന്ന ബോട്ട് ക്ലബ്), പുന്നത്ര പുരയ്ക്കൽ (വി.ബി.സി ബോട്ട് ക്ലബ്), എ ഗ്രേഡ് വെപ്പ് വിഭാഗത്തിൽ നവജ്യോതി (നടുവിലേപുരക്കൽ കൾചറൻ ആൻഡ് ഡെവലപ്മെന്റ് സൊസൈറ്റി), അമ്പലക്കടവൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), മണലി (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.
ചമ്പക്കുളം മൂലം ജലോത്സവത്തിന് മുന്നോടിയായി കൈനകരി യു.ബി.സി തുഴയുന്ന ആയാപറമ്പ് പാണ്ടി ചുണ്ടൻ പരിശീലനം നടത്തുന്നു
ഹീറ്റ്സ് നറുക്കെടുപ്പിൽ എതിരാളികൾ ഇല്ലാത്തതിനാൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ ആയാപറമ്പ് വലിയ ദിവാൻജി ഫൈനലിലേക്ക് നേരിട്ട് മത്സരിക്കും. മത്സരത്തിലെ തർക്കങ്ങൾ ഒഴിവാക്കാൻ ട്രാക്കിൽ മാറ്റങ്ങൾ വരുത്തിയാണ് ഇക്കുറി മത്സരം. ട്രാക്കിലുള്ള വളവിൽ വള്ളങ്ങൾ തമ്മിൽ ചേർന്ന് വരുന്നതായിരുന്നു പ്രധാനപ്രശ്നം. ഇതുമൂലം മുൻവർഷങ്ങളിൽ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം ട്രാക്ക് തെറ്റിച്ച വള്ളങ്ങളുടെ മത്സരം വീണ്ടും നടത്തിയാണ് ഫൈനലിലെ വള്ളത്തെ കണ്ടെത്തിയത്. ഫിനിഷിങ് പോയന്റിൽ വള്ളംകളി പവിലിയന്റെ കാൽനാട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു.
റേസ് കമ്മിറ്റി കൺവീനർ എ.വി. മുരളി അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥൻ നായർ, ടി.ജി. ജലജകുമാരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, നെടുമുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജു കടമ്മട്, കുട്ടനാട് തഹസിൽദാർ ഷിബു സി. ജോബ്, ജലോത്സവ സമിതി ഭാരവാഹികളായ കെ.ജി. അരുൺകുമാർ, അജിത് പിഷാരത്ത്, വർഗീസ് ജോസഫ് വല്യാക്കൻ, അഗസ്റ്റിൻ ജോസ്, നാരായണദാസ്, ബി. ലാലി, ജോപ്പൻ ജോയി വാരിക്കാട്, ജോസഫ് ചാക്കോ, ടോംജോസ്, വിൽസൺ ചമ്പക്കുളം, സുനിൽദാസ്, ബിജു സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ വള്ളംകളി മേളകള്‍ക്ക് തുടക്കമിടുന്നത് കുട്ടനാട്ടിലെ ചമ്പക്കുളത്താണ്. മിഥുനമാസത്തിലെ മൂലംനാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിലാണ് സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുക. നൂറ്റാണ്ടുകൾ പഴക്കമുള്ള ചമ്പക്കുളം വള്ളംകളിക്ക് വഴിത്തിരിവുണ്ടായത് 1952ലാണ്.
അന്ന് തിരു-കൊച്ചി രാജപ്രമുഖനായിരിക്കെ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് വള്ളംകളി കാണാനെത്തി. ഒന്നാംസ്ഥാനം നേടുന്ന ചുണ്ടന്‍വള്ളത്തിന് അദ്ദേഹം രാജപ്രമുഖന്‍ ട്രോഫി ഏര്‍പ്പെടുത്തി. അന്ന് മുതല്‍ ചമ്പക്കുളം വള്ളംകളി മത്സരം നടത്തുന്നത് ഈ രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടിയാണ്.
ചുണ്ടൻ പ്രാഥമിക മത്സരം
ഒന്നാം ഹീറ്റ്സ്:
ചുണ്ടൻ ലൂസേഴ്സ് ഫൈനൽ
ചുണ്ടൻ ഫൈനൽ
വെപ്പ് എ ഗ്രേഡ് ഫൈനൽ
വെപ്പ് ബി ഗ്രേഡ് ഫൈനൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.