ആലപ്പുഴ: ചുണ്ടൻ വള്ളങ്ങളുടെ പോരിന് കളമൊരുങ്ങുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണ് വെള്ളിയാഴ്ച കൈനകരിയിൽ തുടക്കം. ഉച്ചക്കുശേഷം ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. മത്സരത്തിന് മുന്നേ വള്ളംകളിക്ക് കൊഴുപ്പേകി സാംസ്കാരികഘോഷയാത്രമുണ്ടാകും. വള്ളംകളിയുടെ സ്വന്തം നാടായ കൈനകരിയിൽ സി.ബി.എൽ എത്തുന്നതിന്റെ ആവേശത്തിലാണ് നാട്ടുകാരും ജലോത്സവപ്രേമികളും.
നെഹ്റുട്രോഫിയിൽ ലൂസേഴ്സ് ഫൈനൽ പോരിനിറങ്ങാതെ മാറിനിന്ന കൈനകരിയുടെ സ്വന്തം ടീം യു.ബി.സി ഇല്ലാതെയാണ് മത്സരമെന്നതും ശ്രദ്ധേയമാണ്. നെഹ്റുട്രോഫി നഷ്ടമായതിന്റെ നിരാശയിൽ മേൽപ്പാടം ചുണ്ടനിൽ എത്തുന്ന പി.ബി.സിക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള വേദിയാണിത്.വില്ലേജ് ബോട്ട് ക്ലബ് കൈനകരിയാകട്ടെ നെഹ്റുട്രോഫി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. പുന്നമട ബോട്ട് ക്ലബും നിരണം ബോട്ട് ക്ലബും അട്ടിമറിക്ക് കളമൊരുക്കി സീസണിൽ ശക്തമായ സാന്നിധ്യമാകുമെന്ന് ഉറപ്പാണ്.
ദിവസങ്ങളായി നടക്കുന്ന പരിശീലനത്തിനുശേഷം പല ചുണ്ടനുകളും ഒരുക്കുന്നതിനായി കരയിലേക്ക് കയറ്റി. ഇനി മത്സരദിവസമായിരിക്കും ചുണ്ടനുകൾ നീരണിയുക. നെഹ്റുട്രോഫിയിൽ മികച്ച സമയം കുറിച്ച ഒമ്പത് ചുണ്ടനുകളാണ് മത്സരിക്കുന്നത്. നെഹ്റുട്രോഫിയിൽ മികച്ച സമയംകുറിച്ച ഒമ്പത് ചുണ്ടനുകളാണ് മത്സരിക്കുന്നത്.
വീയപുരം (വി.ബി.സി കൈനരി), നടുഭാഗം (പി.ബി.സി പുന്നമട), മേൽപാടം (പി.ബി.സി), നിരണം (നിരണം ബോട്ട് ക്ലബ്), പായിപ്പാടൻ (കെ.ടി.ബി.സി), നടുവിലേ പറമ്പൻ ( ഐ.ബി.സി), കാരിച്ചാൽ (കെ.സി.ബി.സി), ചെറുതന (തെക്കേക്കര ബി.സി), ചമ്പക്കുളം (ചങ്ങനാശ്ശേരി ബി.സി) എന്നിവയാണ് മത്സരിക്കുന്നത്.
14 മത്സരങ്ങളുള്ള സി.ബി.എൽ ഡിസംബർ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈൻ ഡ്രൈവ്, തൃശ്ശൂർ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങൾക്കൊപ്പം ഇക്കുറി വടക്കൻ കേരളത്തിൽ കാസർകോട് ചെറുവത്തൂർ, കണ്ണൂർ ധർമ്മടം, കോഴിക്കോട് ബേപ്പൂർ, എന്നിവിടങ്ങളിലും മത്സരമുണ്ട്. കാസർകോട് ആദ്യമായാണ് സി.ബി.എൽ മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ചുണ്ടനുകളാണ് വിജയികളായത്.
പ്രഫഷനൽ തുഴച്ചിലുകാരെ ഉപയോഗിക്കാം; തുഴക്കും നിയന്ത്രണമില്ല
മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി പ്രഫഷനൽ തുഴച്ചിൽക്കാർക്ക് ഇത്തവണ ചാമ്പ്യൻസ് ബോട്ട് ലീഗിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ഈ വർഷം മുതൽ അന്തർസംസ്ഥാന തുഴച്ചിൽക്കാരെ എത്രവേണമെങ്കിലും ക്ലബുകൾക്ക് ഉപയോഗിക്കാം. അതേസമയം, നെഹ്റുട്രോഫിയിൽ പ്രൊഫഷനൽ തുഴച്ചിൽക്കാരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണം മാറ്റിയതോടെ മത്സരം കൂടുതൽ ആവേശമാകും. നെഹ്റുട്രോഫിയിൽ മികച്ചസമയം കുറിച്ച ആദ്യ ഒമ്പത് സ്ഥാനക്കാരാണ് സി.ബി.എല്ലിന് യോഗ്യതനേടുന്നത്. ഈ സീസണ് മുതൽ ഏത് തരത്തിലുള്ള തുഴ വേണമെങ്കിലും ഉപയോഗിക്കാനും അനുവാദമുണ്ട്. കഴിഞ്ഞ ദിവസം സി.ബി.എൽ ബോർഡുമായി മത്സരിക്കുന്ന ക്ലബുകൾ കരാറിലേർപ്പെട്ടു. മത്സരങ്ങളെയും സമ്മാനബോണസ് തുകകളെയും സംബന്ധിച്ച നിയമവലിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരാറിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.