ആലപ്പുഴ: ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച പുതിയ പൈപ്പ് ലൈനിന്റെ പമ്പിങ് പരിശോധനക്ക് തോട്ടിലെ മലിനജലം ഉപയോഗിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു.
പരാതിയിൽ പറയുന്ന രാജീമോൻ, ഷംനാസ്, ടോം ചെറിയാൻ എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് സൗത്ത് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി കൊട്ടാരംപാലത്തിന് സമീപമാണ് സംഭവം. ശുദ്ധജലവിതരണ പൈപ്പിലൂടെ മലിനജലം ഒഴുക്കിയതിൽ പ്രകോപിതരായ നാട്ടുകാർ പമ്പിങ് തടസ്സപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് സൗത്ത് പൊലീസെത്തി പമ്പിങ് നിർത്തിവെച്ച് മലിനജലം പമ്പ് ചെയ്യാൻ ഉപയോഗിച്ച മോട്ടോറും വാഹനവും തൊഴിലാളികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കരാറുകാരന്റെ പ്രവർത്തനത്തിൽ അപാകതയുള്ളതായി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ജനറൽ ആശുപത്രിയിൽനിന്നുള്ള ശൗചാലയ മാലിന്യം ഉൾപ്പെടെ കൊട്ടാരംതോട്ടിലേക്ക് തള്ളുന്നതായി നാട്ടുകാർ ആരോപിച്ചു. ഈ മലിനജലമാണ് പുതിയ പൈപ്പ് ലൈൻ പദ്ധതിക്കായി പമ്പ് ചെയ്തത്. പുതിയ ലൈൻ കമീഷൻ ചെയ്യുന്നതിന് മുമ്പ് ജലം സുഗമമായി ഒഴുകുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് പമ്പിങ്.
ഇതിന് ശുദ്ധജലം തന്നെയാണ് ഉപയോഗിക്കേണ്ടത്. ശുദ്ധജലം സ്ഥലത്ത് ലഭ്യമല്ലെങ്കിൽ വാഹനത്തിൽ കൊണ്ടുവന്നാണ് പരിശോധന നടത്തുന്നത്. ഇതൊന്നും പാലിക്കാതെ രാത്രിയിൽ പമ്പിങ് നടത്തിയതിന് പിന്നിൽ വിശദ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ആലപ്പുഴ നഗരസഭയുടെ അമൃത് പദ്ധതിയിൽപെടുത്തി സ്ഥാപിച്ച പൈപ്പ് ലൈനിൽ പമ്പിങ് നടത്തിയത് ജല അതോറിറ്റിയുടെ കരാറുകാരാണ്. ലൈനിൽ കടന്നുകൂടിയ മലിനജലം എങ്ങനെ കളയുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.