ഉളവയ്പ് കായൽ കാർണിവലിനായി കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങുന്നു
പൂച്ചാക്കൽ: പുതുവര്‍ഷത്തെ വരവേല്‍ക്കാൻ ഉളവയ്പ് കായൽ കാര്‍ണിവലിന് ഒരുക്കം തുടങ്ങി. കൂറ്റൻ പപ്പാഞ്ഞിയാണ് കായൽത്തീരത്ത് കാര്‍ണിവലിനായി ഒരുങ്ങുന്നത്. കൈതപ്പുഴ കായൽത്തീരത്തെ ഗ്രാമീണർ സംഘടിപ്പിക്കുന്ന കാര്‍ണിവലിൽ ഇത്തവണ ഉയരുന്നത് 40 അടി ഉയരമുള്ള ജോക്കർ പപ്പാഞ്ഞിയാണ്.
കായൽ കാര്‍ണിവൽ സംസ്ഥാനത്തുതന്നെ ആദ്യമാണ്. 31ന് രാത്രി കൂറ്റൻ പപ്പാഞ്ഞി കത്തിച്ച് ആയിരങ്ങൾ കാര്‍ണിവൽ ആഘോഷിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുന്‍നിരയിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കിയാണ് സംഘാടകർ കാര്‍ണിവൽ സംഘടിപ്പിക്കുന്നത്. എട്ടുവര്‍ഷം മുമ്പ് ഗ്രാമത്തിന്റെ ആഘോഷമായി തുടങ്ങിയ കാര്‍ണിവൽ ഇന്ന് സഞ്ചാരികളുടെ പ്രിയയിടമായി മാറിക്കഴിഞ്ഞു. വീടുകളിൽ പാചകം ചെയ്ത കപ്പ, കക്ക ബിരിയാണി, രാത്രിയിലെ ചൂണ്ടയിടൽ മത്സരം തുടങ്ങിയ പ്രത്യേകതകളും കാര്‍ണിവലിനുണ്ട്. ഫയസ് മുഹമ്മദിന്റെ എഫ്.എം ബാന്‍ഡാണ് ഇത്തവണ സംഗീതം.
ഒരുമാസത്തെ പ്രവർത്തനത്തിലൂടെയാണ് ശിൽപി അഭിഷേക്, സ്ട്രക്ചറൽ ഡിസൈനര്‍മാരായ ജോബിൻ ജോര്‍ജ്, അനൂപ് കരുണാകരൻ, ശ്രീജിത് തുടങ്ങിയവരും ഗ്രാമത്തിലെ കുട്ടികളും ചേര്‍ന്ന് കൂറ്റൻ പപ്പാഞ്ഞി ഒരുക്കുന്നത്. പപ്പാഞ്ഞി കാണാനും ചിത്രം എടുക്കാനും തിരക്കേറുന്നുന്നുണ്ട്. പുതുവർഷ രാത്രിയിൽ കാര്‍ണിവൽ വേദിയിലുള്ളവരിൽനിന്ന് ഒരാളെ നറുക്കിലൂടെ തെരഞ്ഞെടുത്താണ് പപ്പാഞ്ഞി കത്തിക്കുന്നത്. മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ തുടങ്ങിയവർ പുതുവര്‍ഷ സന്ദേശങ്ങൾ നല്‍കും. കണ്‍വീനർ വിനീഷ്, ചെയര്മാൻ നിധീഷ്, ട്രഷറർ എബിൻ എന്നിവരാണ് ഇത്തവണ കാര്‍ണിവലിന് നേതൃത്വം നല്‍കുന്നത്. ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കേണ്ടവർ 9778443594ൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.