ആലപ്പുഴ: ആഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് 3.78 കോടി രൂപയുടെ ബജറ്റ്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി യോഗം ബജറ്റ് അംഗീകരിച്ചു.
3,78,89,000 രൂപയുടെ പ്രതീക്ഷിത വരവും 60,924 രൂപ മിച്ചമുൾപ്പടെ 3,78,28,076 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാന സർക്കാറിൽ നിന്നുള്ള ഗ്രാന്റായ ഒരു കോടി രൂപയും ടിക്കറ്റ് വിൽപനയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കോടിയും വരുമാനത്തിൽ ഉൾപ്പെടുന്നു. സ്പോൺസർഷിപ്പിലൂടെ 1.15 കോടിയുടെ വരവും പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രസർക്കാറിൽനിന്ന് 50 ലക്ഷത്തിന്റെ ഗ്രാന്റാണ് പ്രതീക്ഷിക്കുന്നത്.
ബോണസായി 1.35 കോടി, മെയിന്റനൻസ് ഗ്രാന്റായി 21. 50 ലക്ഷം, ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റിക്ക് 61. 50 ലക്ഷം, കൾച്ചറൽ കമ്മിറ്റിക്ക് 10 ലക്ഷം, പബ്ലിസിറ്റി കമ്മിറ്റിക്ക് 8.94 ലക്ഷം എന്നിങ്ങനെ ചെലവും പ്രതീക്ഷിക്കുന്നു.
എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, എ.ഡി.എം ആശാ സി. എബ്രഹാം, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, എ.എ. ഷുക്കൂർ, ടെക്നിക്കൽ കമ്മിറ്റി അംഗം ആർ.കെ. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തണമെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി ശിപാർശ ചെയ്തു. സ്റ്റാർട്ടിങ്, ഫിനിഷിങ് സംവിധാനത്തിന്റെ പ്രവർത്തനം കുറ്റമറ്റതാക്കുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ബോട്ട് റേസ് സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ. ഷാജു, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ആർ.കെ. കുറുപ്പ് എന്നിവരുൾപ്പെടുന്നതാണ് കമ്മിറ്റി. സബ് കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ സമയക്രമം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തുമ്പോൾ ഒന്നിലധികം വള്ളങ്ങൾ ഒരേസമയം ഫിനിഷ് ചെയ്താൽ അവയെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കണമെന്നും ആറുമാസം വീതം കപ്പ് കൈവശം വെക്കാൻ അനുവദിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്തു. ആദ്യ ആറുമാസം ആർക്ക് എന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
ഋഷികേഷ് രൂപകൽപന ചെയ്ത മെക്കനൈസ്ഡ് സംവിധാനവും മാഗ്നറ്റിക് പവർ ഉപയോഗിച്ച് മയൂരം ക്രൂയിസ് തയാറാക്കിയ സ്റ്റാർട്ടിങ് സംവിധാനവും പ്രയോജനപ്പെടുത്താമെന്നും കമ്മിറ്റി നിർദേശിച്ചു. സബ് കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ സംബന്ധിച്ചുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും ജൂലൈ 15 ന് അഞ്ച് മണിക്കകം കമ്മിറ്റിയെ അറിയിക്കണമെന്ന് കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. ഇതിനുശേഷമാണ് നിയമാവലി തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.