കലവൂർ: രാത്രി ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയയാൾ വഴിയാത്രക്കാരന്‍റെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു, പിന്നീട് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് നികർത്തിൽ ജെ. ബിനുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി സരിഗ വായനശാലക്ക് സമീപമായിരുന്നു ആക്രമണം. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് തയ്യിൽ വീട്ടിൽ രജീഷ് കുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് രജീഷ് നടക്കുമ്പോഴാണ് പിന്നാലെ ബൈക്കിൽ പിൻസീറ്റിൽ ഇരുന്ന് എത്തിയയാൾ മദ്യപിക്കുന്നതിന് പണം ആവശ്യപ്പെട്ടത്. എന്നാൽ തന്റെ കൈവശം പണമില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ നെഞ്ചത്ത് ചവിട്ടുകയും കഴുത്തിൽ കിടന്ന ഒരു പവനോളം തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്‌തതായാണ് പരാതി.
പിന്നീടുണ്ടായ പിടിവലിയിൽ രജീഷ് മാല തിരിച്ചുപിടിച്ചു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജെ. ബിനുവിനെ പ്രതിയാക്കി മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. നിരീക്ഷണത്തിലായിരുന്ന പ്രതി, പൊലീസ് കണ്ടതായി മനസ്സിലാക്കിയതേടെ അതുവഴി വന്ന സ്വകാര്യ ബസിൽ ഓടിക്കയറി. മണ്ണഞ്ചേരി സ്‌റ്റേഷനിലെ എ.എസ്.ഐ ആർ. ഉല്ലാസ് പിന്നാലെ ഇതേ ബസിൽ ചാടി കയറി പ്രതി ഇരുന്ന സീറ്റിൽ ഒപ്പം ഇരുന്നു. ഇതോടെ പ്രതി ബസിന്‍റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എ.എസ്.ഐ വട്ടം പിടിക്കുകയും മറ്റ് യാത്രക്കാരുടെ സഹായത്തോടെ കീഴ്പ്പെടുത്തുകയുമായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.