അമ്പലപ്പുഴ: കെ.എസ്.ഇ.ബിയുടെ എൽ.ടി ലൈനിൽനിന്ന് വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാർഡ് പാലത്ര വീട്ടിൽ ശശിയെയാണ് (52) അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25നായിരുന്നു കേസിനാസ്പദമായ സംഭവം.
അമ്പലപ്പുഴ കരുമാടിയിൽ ഉഷാഭവനത്തിൽ അനിൽ കുമാറിന്റെ വീട്ടിൽ രാത്രിയിലെത്തിയ പ്രതി മോട്ടോർ സൈക്കിളിൽ ഒരു ഇരുമ്പുകസേര വെച്ചശേഷം അതിലും ബൈക്കിലും വയർ ചുറ്റി ഒരഗ്രം വീടിന്റെ മുൻവശെത്ത കെ.എസ്.ഇ.ബിയുടെ വൈദ്യുതിലൈനിൽനിന്നും വൈദ്യുതി കൊടുത്ത് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കരുമാടി ജങ്ഷനിൽ ലോട്ടറി വിൽപനക്കാരനായ അനിൽകുമാർ രാവിലെ ബൈക്ക് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു. തുടർന്ന്, നാട്ടുകാർ അമ്പലപ്പുഴ സ്റ്റേഷനിലും കെ.എസ്.ഇ.ബിയിലും വിവരമറിയിച്ചു.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാൽ ദുരന്തം ഒഴിവായി.
അനിൽകുമാറിന്റെ വീടിന്റെ തൊട്ടടുത്ത പി.എസ്.സി കോച്ചിങ് സെൻററിലെ സി.സി.ടി.വിയിൽനിന്ന് ഹെൽമറ്റ് ധരിച്ച് മുണ്ടും ഷർട്ടുമണിഞ്ഞ ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. ഇത് പിന്തുടർന്ന് 60ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തൃക്കൊടിത്താനത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ ഭാര്യയും അനിൽകുമാറും തമ്മിൽ അടുപ്പം ഉണ്ടെന്ന് സംശയിച്ചാണ് ചെയ്തതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ ടോൾസൺ പി. ജോസഫ്, ആനന്ദ് വി.എൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖ്, വിഷ്ണു, ജോസഫ് ജോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.