സെക്രേട്ടറിയറ്റിന് മുന്നിലെ ആശമാരുടെ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധസംഗമം മുൻ എം.പി ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: സെക്രേട്ടറിയറ്റിന് മുന്നിൽ ആശമാർ നടത്തുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റില്‍ മുന്നിൽ നടത്തിയ സംഗമത്തിൽ ആശമാരുടെ പ്രതിഷേധമിരമ്പി. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള വാട്ട്സ് ആപ് ഗ്രൂപ്പിലെ ശബ്ദസന്ദേശ ഭീഷണിക്ക് വഴങ്ങാതെ നൂറുകണക്കിന് ആശമാർ സമരത്തിൽ അണിനിരന്നു. സമരം പൊളിക്കാൻ ആശവർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പാസ്പോർട്ട് ഓഫിസിലേക്ക് ബദൽ മാർച്ചും നടത്തിയിരുന്നു.
17 വർഷമായി ആശ പ്രവർത്തകർക്ക് എല്ലാം നേടിത്തന്നത് സി.ഐ.ടി.യു യൂനിയനാണെന്നും അതിനാൽ കലക്ടറേറ്റിന് മുന്നിലെ ആശമാരുടെ സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർ രാജിവെച്ച് പോകണമെന്നുമായിരുന്നു ശബ്ദസന്ദേശം.
വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ സമരത്തെ കാണുന്നതെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്നും നേതാക്കൾ പറഞ്ഞു. സി.ഐ.ടി.യുവിന്റെ ബദൽസമരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആർക്കും സമരം നടത്താനുള്ള അവകാശമുണ്ട്. ആശമാർ ഉന്നയിച്ച ആവശ്യങ്ങൾ നിരത്തി ഭരണപക്ഷത്തുള്ളവർ നടത്തുന്നത് പ്രതിപക്ഷത്തിന്റെ പണിയാണെന്നും ഇവർ കുറ്റപ്പെടുത്തി.
മുൻ എം.പി ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി കെ.ജെ. ഷീല അധ്യക്ഷത വഹിച്ചു. എ.ഐ.യു.ടി.യു.സി അഖിലേന്ത്യ വർക്കിങ് കമ്മറ്റിയംഗം എസ്. സീതിലാൽ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.പി ജില്ല സെക്രട്ടറി അഡ്വ. ആർ. ഉണ്ണികൃഷ്ണൻ, ഫോർവേഡ് ബ്ലോക്ക് സംസ്ഥാനകമ്മിറ്റിയംഗം എൻ.കെ. വിദ്യാധരൻ, ഡെമോക്രാറ്റിക് ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ്, ടി.ബി. വിശ്വനാഥൻ, കെ. ബാലകൃഷ്ണൻ, ഒ.ജി. ഗീത, ഉഷാ വിശ്വം, സുജ തോമസ്, ഫാത്തിമബീവി, സുജ വിദ്യാധരൻ, ദലൈമ, സുനികുമാരി, ഉഷാകുമാരി, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അമ്പിളി അരവിന്ദ്, ഷീബ തോമസ് എന്നിവർ സംസാരിച്ചു. ജി. രേണുക സ്വാഗതവും തത്ത ഗോപിനാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.