വർഷിനി
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ മാവേലിക്കര സ്വദേശിനിയിൽനിന്ന് പണം തട്ടിയ സംഘത്തിലെ മറ്റൊരു പ്രതികൂടി അറസ്റ്റിൽ. ബംഗളൂരു മുനിയപ്പ കോമ്പൗണ്ട് ജെ.പി നഗർ സ്വദേശിനി വർഷിനിയെയാണ് (23) ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അഞ്ച് പേർ അറസ്റ്റിലായി.
പരാതിക്കാരിയിൽനിന്ന് 9.41 ലക്ഷം രൂപ അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് വർഷിനി. സ്വകാര്യ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി വാട്സ്ആപ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. 2025 ഏപ്രിൽ മുതൽ റെന്റ് ഹൗസ് എന്ന യു.എസ് കമ്പനിയുടെ പ്രതിനിധിയാണെന്ന പേരിൽ വാട്സ് ആപ് വഴി ബന്ധപ്പെട്ട് പരാതിക്കാരിയെ കമ്പനിയിൽ അംഗമാക്കി ഷെയർട്രേഡിങ് നടത്തി ലാഭമുണ്ടാക്കാമെന്നു പറഞ്ഞുവിശ്വസിപ്പിച്ചു.
തുടർന്ന് ടെലിഗ്രാം ഗ്രൂപ്പിന്റെയും വ്യാജ വെബ്സൈറ്റിന്റെയും ലിങ്ക് അയച്ചുകൊടുത്ത് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം നിക്ഷേപം എന്ന പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങുകയായിരുന്നു. അയച്ച പണം വ്യാജ വെബ്സൈറ്റിൽ ലാഭം സഹിതം പ്രദർശിപ്പിച്ചാണ് തട്ടിപ്പ് തുടർന്നത്. ഇത്തരത്തിൽ 13.60 ലക്ഷം രൂപയാണ് പ്രതികൾ അയച്ചുവാങ്ങിയത്. ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കൂടുതൽ തുക ടാക്സ് അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.