അരൂര്‍: വാഹനം കടത്തിവിടാത്തതിനെ തുടര്‍ന്ന് ലോറി ഡ്രൈവറെ മിനി ബസിലെ യാത്രക്കാര്‍ മർദിച്ച സംഭവത്തില്‍ അരൂര്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ അരൂര്‍ ഐ.ഒ.സി പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. എറണാകുളം ദിശയിലായിരുന്നു ലോറിയും മിനി ബസും സഞ്ചരിച്ചത്.
ലോറി ഡ്രൈവര്‍ പെരുമ്പാവൂര്‍ സുധീറിനാണ് (43) മർദനമേറ്റത്. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ ലോറി റോഡിന് നടുവിലായി. പിന്നീട് മറ്റൊരാള്‍ എത്തി ലോറി പമ്പിലേക്ക് മാറ്റിയിട്ടെങ്കിലും വൈകീട്ട് ആറോടെ വാഹനം പിന്നിലേക്ക് ഉരുണ്ടുനീങ്ങി. കണ്ടുനിന്ന പമ്പിലെ ജീവനക്കാരും നാട്ടുകാരും കല്ലും കട്ടയും മറ്റുമിട്ട് തടഞ്ഞതിനാലാണ് അപകടം ഒഴിവായത്.
മിനി ബസ് പൂച്ചാക്കല്‍ സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ വാഹനം സുഹൃത്തായ മറ്റൊരാളാണ് യാത്രാആവശ്യത്തിനായി കൊണ്ടുപോയത്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അരൂര്‍ എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന് പറഞ്ഞു. ആശുപത്രി വിട്ട സുധീര്‍ ശനിയാഴ്ച വൈകീട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഡ്രൈവറെ നടുറോഡില്‍ മർദിക്കുന്ന ദൃശ്യം പെട്രോള്‍ പമ്പിലുള്ള സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചാണ് പൊലീസ് മിനി ബസ് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.