ഒരു കാലത്ത് വൈദ്യുതിക്കായി പോരാടി; ഇന്ന് ഷണ്മുഖന്‍റെ കൊച്ചു വീട്ടിലേക്ക് 80 ലക്ഷത്തിന് ഭാഗ്യമെത്തി

അരൂർ : വൈദ്യുതി കണക്ഷനുവേണ്ടി പഞ്ചായത്ത് അധികാരികളുടെ മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച റീത്തയുടെ തകരവീട്ടിലേക്ക് എൺപത് ലക്ഷത്തിന്റെ ഭാഗ്യമെത്തി. അരൂർ പുത്തൻവീട്ടിൽ ഷണ്മുഖന്‍റെ ഭാര്യയാണ് റീത്ത. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ഷണ്മുഖൻ എടുത്ത ലോട്ടറിക്കാണ്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്, വൈശാഖും , വൈഷ്ണവും. 13 വർഷങ്ങൾക്ക് മുൻപ്, വൈശാഖ് പത്താംക്ലാസിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ വൈദ്യുതി ലഭിച്ചിരുന്നില്ല. വെളിച്ചമില്ലാതെ പരീക്ഷക്ക് പഠിക്കില്ലെന്ന് വൈശാഖ് വാശിപിടിച്ചു. ചില സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പഞ്ചായത്ത് വീട്ട് നമ്പർ ഇടാൻ കൂട്ടാക്കിയില്ല. നമ്പർ ഇല്ലാതെ വൈദ്യുതി കണക്ഷൻ ലഭിക്കില്ലെന്ന് പറഞ്ഞ് വൈദ്യുതി അധികൃതരും കൈമലർത്തിനിൽക്കുമ്പോഴാണ് അരൂർ പഞ്ചായത്ത് അധികാരികളുടെ മുന്നിൽ റീത്ത മണ്ണെണ്ണയുമായെത്തി ആത്മഹത്യക്ക് ഒരുങ്ങിയത്. അന്ന് മാധ്യമം ഈ സംഭവം വാർത്തയാക്കിയിരുന്നു. വിവരമറിഞ്ഞ ആലപ്പുഴ കളക്ടർ ഷണ്മുഖൻറെ വീട്ടിൽ ഉടൻ വൈദ്യുതി കണക്ഷൻ നൽകാൻ ചേർത്തല തഹസിൽദാർക്ക് ഉത്തരവു നൽകി. വൈശാഖ് വൈദ്യുതി വെളിച്ചത്തിൽ പഠിച്ചതും, എസ്.എസ്.എൽ.സി ജയിച്ചതും വാർത്തയായിരുന്നു. വിദ്യാഭ്യാസമൊക്കെ പൂർത്തിയായി വൈശാഖിനൊപ്പം വൈഷ്ണവും ജോലിക്കായി കാത്തുനിൽക്കുമ്പോഴാണ് ഭാഗ്യം വീട്ടിലേക്ക് വന്നത്. ഒരു നല്ല വീട് വെക്കണമെന്നാണ് ഷണ്മുഖൻറെ ആഗ്രഹം.

News Summary - Shanmukhan won\ lottery worth 80 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.