അരൂർ: മത്സ്യസംസ്കരണ കയറ്റുമതി വ്യവസായികൾ അയൽ സംസ്ഥാനങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ തുറന്നതോടെ ജില്ലയിൽ തൊഴിൽ പ്രതിസന്ധി. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലേക്ക് പലരും തട്ടകം മാറ്റുകയാണ്.
മേഖലയിലെ വ്യവസായ വമ്പന്മാരുൾപ്പെടെ ഇരുപതിലധികം പേരുടെ സ്ഥാപനങ്ങൾ നിലവിൽ അന്തർ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റുള്ളവരും സ്ഥാപനങ്ങൾ അവിടേക്ക് നീങ്ങുന്നത്.
മത്സ്യസംസ്കരണ കയറ്റുമതിശാലകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് സമീപ സംസ്ഥാനങ്ങളുടേതെന്ന് വ്യവസായികൾ പറയുന്നു. വ്യവസായ സംരക്ഷണ നിലപാടുകളല്ല കേരള സർക്കാറിന്റേതെന്നാരോപിച്ചാണ് ഇവർ സംസ്ഥാനം വിടുന്നത്.
കേരളത്തിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങൾ ഓരോന്നായി അന്തർ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടാൽ ലക്ഷത്തിലധികംപേർ പണിയെടുക്കുന്ന ഈ മേഖലയിൽ വൻ തൊഴിൽ നഷ്ടമാകും ഉണ്ടാകുക. കഴിഞ്ഞ സാമ്പത്തികവർഷം 6500 കോടിയുടെ വിദേശനാണ്യം സംസ്ഥാനത്തിന് നേടിക്കൊടുത്ത വ്യവസായമാണ് ഇല്ലാതാകുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയത്. നെൽകൃഷി ഇല്ലാതായതിന് പുറകെ കശുവണ്ടി, കയർ വ്യവസായങ്ങൾ തകർച്ച നേരിട്ടപ്പോൾ പട്ടിണിയിലേക്ക് വീണുപോകാതെ ജില്ലയെ പിടിച്ചുനിർത്തിയ വ്യവസായമാണ് മത്സ്യസംസ്കരണ കയറ്റുമതി മേഖല.
സംസ്ഥാനത്തെ 90 ശതമാനം സംസ്കരണ കയറ്റുമതി സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് ചേർത്തല താലൂക്കിലാണ്. അതിൽ ഭൂരിഭാഗവും അരൂർ മണ്ഡലത്തിലും. ചെറുതും വലുതുമായ 1000 പീലിങ് ഷെഡുകളും 90 കയറ്റുമതി സ്ഥാപനങ്ങളുമുണ്ട്. കാർട്ടൺ കമ്പനികൾ, ഐസ് പ്ലാന്റ് ഉൾപ്പെടെ അനുബന്ധ സ്ഥാപനങ്ങൾ എന്നിവ വേറെയും. വ്യവസായത്തെ പിടിച്ചുനിർത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുമെന്ന് തൊഴിലാളികൾ ആശങ്ക പങ്കുവെക്കുന്നു.
കയറ്റുമതിയിൽ മുമ്പന്തിയിൽ നിൽക്കുന്ന വനാമി ചെമ്മീൻ കേരളത്തിൽ ഉൽപാദനമില്ലാത്തതിനാൽ തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളെയാണ് വ്യവസായികൾ ആശ്രയിക്കുന്നത്. അരൂരിലെ വ്യവസായ മേഖലയിലേക്കുമാത്രം ഒരുദിവസം കുറഞ്ഞത് നാലുലക്ഷം കിലോ ചെമ്മീനാണ് എത്തിയിരുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ചെമ്മീൻ കേരളത്തിലെത്തിച്ച് സംസ്കരിച്ചു കയറ്റുമതി ചെയ്യുന്നത് ഭാരിച്ച ചെലവാണ്. മറ്റു സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന വനാമി ചെമ്മീൻ അവിടെത്തന്നെ സംസ്കരിച്ച് അവിടുന്നുതന്നെ കയറ്റിയയക്കാനായാൽ ചെലവ് കുറക്കാമെന്നാണ് വ്യവസായികൾ പറയുന്നത്. കൂടാതെ, എം.പി.ഇ.ഡി.എയുടെ ആസ്ഥാനമായിട്ടും കേരളത്തിലെ മുഴുവൻ തരിശുപാടങ്ങളും വനാമി ചെമ്മീൻ കൃഷിക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
എം.പി.ഇ.ഡി.എയും ഫിഷറീസ്-വ്യവസായ വകുപ്പുകളും സർക്കാറും ഈ വ്യവസായത്തിന്റെ നിലനിൽപിനായി ഒന്നും ചെയ്യുന്നില്ലെന്ന് ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രി സംസ്ഥാന പ്രസിഡന്റ് ജെ.ആർ. അജിത് പറഞ്ഞു.
സംസ്കരണ ശാലകൾ പുറത്തുവിടുന്ന ജലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നു കാട്ടി പതിനായിരങ്ങൾ പിഴ നൽകേണ്ടിവരികയാണ്. ചന്തിരൂരിലും അരൂരിലെ വ്യവസായ കേന്ദ്രത്തിലും മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമിക്കുമെന്ന് പറയുന്നതല്ലാതെ യാഥാർഥ്യമാക്കാൻ സർക്കാറിന് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.