നെൽകൃഷി ഉത്തരവ് നടപ്പാക്കുന്നില്ല; കരിനിലങ്ങളിൽ സംഘർഷത്തിന്‍റെ കാർമേഘം

അരൂർ: കരിനില വികസന ഏജൻസി ചെയർമാൻ കൂടിയായ ജില്ല കലക്ടർ വിജ്ഞാപനം ചെയ്ത കാർഷിക കലണ്ടർ കർശനമായി നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉദാസീനത കാട്ടുന്നതായി കർഷകർ.

ഈ നിലപാട് പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി പൊക്കാളി സംരക്ഷണ സമിതി രംഗത്തെത്തി. സർക്കാറിന്‍റെ പ്രഖ്യാപിത നയം അനുസരിച്ച് കരിനിലങ്ങളിൽ ഒരുപ്പൂ നെൽകൃഷിയും ഒരുപ്പൂ മത്സ്യകൃഷിയും ആണ് ഒന്നിടവിട്ട് നടത്തേണ്ടത്. 2010 ലെ അക്വാകൾചർ നിയമത്തെ അടിസ്ഥാനപ്പെടുത്തി വിജ്ഞാപനം ചെയ്ത കാർഷിക കലണ്ടർ അനുസരിച്ച് ഏപ്രിൽ 15 മുതൽ നവംബർ 14 വരെ നെൽകൃഷിയുടെ സീസണാണ്.

തുടർന്ന് ശേഷിക്കുന്ന മാസങ്ങളിൽ മാത്രമാണ് ഓരുജല മത്സ്യകൃഷി നിയമവിധേയമായിട്ടുള്ളത്. ഏപ്രിൽ 15 മുതൽ തന്നെ കരിനിലങ്ങളിൽനിന്ന് ഓരുവെള്ളം ഒഴിവാക്കിയാലേ വയലുകൾ ഉണങ്ങിവരണ്ട്, നെൽകൃഷിക്ക് മുന്നോടിയായുള്ള ഉഴുതുമറിക്കലിന് പാകമാകുകയുള്ളൂ.

ഇങ്ങനെ ഉഴുതുമറിച്ച വയലുകളിൽനിന്ന് വേനൽമഴ ലവണാംശം കഴുകിക്കളയും. ഇങ്ങനെ പരുവപ്പെടുത്തിയ വയലുകളിലാണ് ഇടവപ്പാതി ആരംഭത്തോടുകൂടി മുളപ്പിച്ച പൊക്കാളി വിത്തുകൾ വിതച്ച് നെൽകൃഷിക്ക് തുടക്കം കുറിക്കുന്നത്. ഈ പ്രക്രിയ പൂർണമായും അനുവർത്തിച്ചില്ലെങ്കിൽ നെൽവയലുകളിൽ ലവണാംശം നിലനിൽക്കുകയും നെൽകൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

എന്നാൽ, ഏപ്രിൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും കൃഷി വകുപ്പും ഫിഷറീസ് വകുപ്പും പാടശേഖരങ്ങളിൽനിന്ന് ഓരുവെള്ളം നിർമാർജനം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടില്ല. ഈ പഴുത് ഉപയോഗിച്ച് നിരവധി ചെമ്മീൻ കോൺട്രാക്ടർമാർ നിയമവിരുദ്ധമായി മത്സ്യവാറ്റ് തുടരുകയാണ്. നെൽപാടങ്ങൾ കൃഷിക്കായി വിട്ടുനൽകാത്തതിനാൽ പ്രാദേശികമായി സംഘർഷ അന്തരീക്ഷം ഉടലെടുക്കുകയാണ്. ഉദ്യോഗസ്ഥർ വസ്തുതകൾ മനസ്സിലാക്കി നിയമം നടപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്‍റെ പാതയിൽ അണിനിരക്കേണ്ടിവരുമെന്ന് പൊക്കാളി സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി. എഴുപുന്ന നരിയാണ്ടിയിൽ കൂടിയ യോഗത്തിൽ പ്രഫ. ഫ്രാൻസിസ് കളത്തുങ്കൽ, എൻ.കെ. ശശികുമാർ, കെ.ആർ. തോമസ്, കെ.കെ. വിക്രമൻ, സി.എം. മുരളി, സി.കെ. തിലകൻ, രമണൻ നടുവിലത്തറ, സി.എ. രമേശൻ, കെ.പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Paddy cultivation order not implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.