ഇടത് വിദ്യാർഥി-യുവജന സംഘടനകൾ ത​മ്മി​ലെ സം​ഘ​ർ​ഷം പൊ​ലീ​സ്​ ത​ട​യു​ന്നു 

വൃക്ഷത്തൈ നടീലിനെച്ചൊല്ലി തർക്കം: ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ സംഘർഷത്തിൽ ഏഴുപേർക്ക് പരിക്ക്

അരൂർ: പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇടതു വിദ്യാർഥി- യുവജന സംഘടനകൾ തമ്മിലുള്ള സംഘർഷത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. സംഘട്ടനത്തിൽ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതാക്കളായ രണ്ടുപേർക്കും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളായ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്.

എ.ഐ.എസ്.എഫ് നേതാവ് അൽത്താഫ്, എ.ഐ.വൈ.എഫ് നേതാവ് അനീഷ് എന്നിവരെ തുറവൂർ ഗവ. ആശുപത്രിയിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളായ വിപിൻ, ജയചന്ദ്രൻ അപ്പു എന്ന ആദർശ്, അമൽബിജു, യദുകൃഷ്ണൻ എന്നിവരെ തൈക്കാട്ടുശ്ശേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. പരിസ്ഥിതിദിനത്തിൽ ചന്തിരൂർ സ്കൂളിന് പുറത്ത് ദേശീയപാതക്കരികിൽ വൃക്ഷത്തൈയും ചെടികളും മറ്റും നട്ട് ഉദ്യാനം ഒരുക്കാൻ എ.ഐ.എസ്.എഫ് തീരുമാനിച്ചിരുന്നു. എന്നാൽ, മുന്നറിയിപ്പില്ലാതെ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുണ്ടെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ വാക്തർക്കത്തിന് വന്നതാണ് സംഘർഷത്തിനിടയാക്കിയതെന്ന് എ.ഐ.വൈ.എഫ് പ്രവർത്തകർ പറഞ്ഞു.

എം.എൽ.എയുടെ പരിപാടി ഇല്ലായിരുന്നെന്നും തങ്ങളുടെ പരിപാടി പൊളിക്കാൻ വേണ്ടിയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾ എത്തിയതെന്നും എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു. സ്കൂൾ തുറക്കുന്ന ദിവസം കുട്ടികളെ വരവേൽക്കാൻ സ്കൂളിന്‍റെ മുന്നിൽ സ്വാഗത ബാനറുകൾ സ്ഥാപിച്ചതിനെച്ചൊല്ലി എ.ഐ.എസ്.എഫ്- എസ്.എഫ്.ഐ സംഘർഷം നിലനിന്നിരുന്നു. അതിന്‍റെ ബാക്കിയാണ് ഞായറാഴ്ചത്തെ സംഘട്ടനമെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ സി.പി.എം-സി.പി.ഐ നേതാക്കൾ തമ്മിലും സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ, സംഭവത്തിന് പിന്നാലെ ദലീമ ജോജോ എം.എൽ.എ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.. 

Tags:    
News Summary - Dispute over tree planting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.