ലോറിയപകടത്തിൽ മരിച്ച ഇസ്മയിൽ 

തണ്ണിമത്തൻ കയറ്റിവന്ന ലോറി ഡിവൈഡറിലിടിച്ചു മറിഞ്ഞു: ഡ്രൈവർ മരിച്ചു; ഒരാൾക്ക് പരിക്ക്

അരൂർ: ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം ഡിവൈഡറിൽ ഇടിച്ചു കയറിയ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവർ പട്ടാമ്പി ചെറുത്തുടി ഇസ്മയിൽ (44) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പട്ടാമ്പി തൊണ്ണൂറത്ത് ഉമറിനാണ് (49) പരിക്കേറ്റത്. ഇയാളെ ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ചന്തിരൂരിൽ ചൊവ്വാഴ്ച പുലർച്ചെ 3 മണിക്കായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും തണ്ണിമത്തൻ കയറ്റി കൊല്ലത്തേക്ക് വരികയായിരുന്ന ലോറി,അരൂർ - തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വഴിവിളക്കില്ലാത്ത ഇരുട്ടിൽ ഡിവൈഡറിൽ കയറി മറിയുകയായിരുന്നു. നാലുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി ബാരിക്കേഡ് വച്ച് ഗതാഗതം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇരുട്ടിൽ ബാരിക്കേഡും ഡിവൈഡറും ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണം.

അപകടത്തെ തുടർന്ന് ലോറിയുടെ മുൻഭാഗം തകർന്നു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയേയും അഗ്നിശമനസേനയും, പൊലീസും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവറെ രക്ഷിക്കാനായില്ല.

തുടർ നടപടിക്ക് ശേഷം ഡ്രൈവർ ഇസ്മായിലിന്റെ മൃതശരീരം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് റിയാസ് മുഹമ്മദ് ഫാസിൽ (രണ്ടുപേരും സ്കൂൾ വിദ്യാർത്ഥികൾ) 

Tags:    
News Summary - Accident: Driver died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.