ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലക്ക് ആലപ്പുഴ വഴി പോകുന്ന ഭക്തരെ കാത്തിരിക്കുന്നത് വൻ ഗതാഗത കുരുക്ക്. അമ്പലപ്പുഴ - തിരുവല്ല റോഡിൽ റെയിൽവേ ക്രോസ് അടച്ചിട്ടിരിക്കുന്നതിനാൽ അതുവഴി പോകാനാവില്ല. എ.സി റോഡിൽ പണ്ടാരക്കളം പാലം കടക്കാൻ മണിക്കൂറിലേറെ കാത്ത് നിൽക്കേണ്ട അവസ്ഥയുണ്ടാകും. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ തകഴി ലെവൽക്രോസിൽ രണ്ടു ദിവസമായി നടന്നു വരുന്ന അറ്റകുറ്റപ്പണി പൊങ്കാല ദിവസമായ തിങ്കളാഴ്ചയും തീരില്ലെന്നാണ് റെയിൽവേയുടെ അറിയിപ്പ്. അറ്റകുറ്റപ്പണികൾക്കു ശേഷം ലെവൽക്രോസ് ശനിയാഴ്ച തുറന്നു നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച വൈകിട്ടുവരെ പണികൾ നീളുമെന്നാണു റെയിൽവേ അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അമ്പലപ്പുഴ വഴിയാണ് എറണാകുളം, ആലപ്പുഴ ചേർത്തല ഭാഗത്തുനിന്നുള്ള ഭക്തർ ചക്കുളത്തുകാവിൽ എത്തിയിരുന്നത്. അമ്പലപ്പുഴ വഴി എത്തുന്ന ഭക്തജനങ്ങൾ ഹരിപ്പാട് വീയപുരം വഴിയോ, മാവേലിക്കര മാന്നാർ പൊടിയാടി വഴിയോ എത്തണമെന്നാണ് ക്ഷേത്രത്തിൽ നിന്ന് അറിയിച്ചിരിക്കുന്നത്. അമ്പലപ്പുഴ വഴി എത്തുന്നവർക്ക് കരുമാടി പാലത്തിനടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പടഹാരം റെയിൽവേ ഗേറ്റ് വഴി തകഴി ഗവ. ആശുപത്രിവഴി തകഴിയിലെത്തിയും കടന്നുപോകാനാകും. ഇവിടെ റോഡ് കുറെ ഭാഗം തകർന്ന നിലയിലാണെന്നത് നേരിയ ബദ്ധിമുട്ടുകളുണ്ടാക്കും. അമ്പലപ്പുഴക്ക് മുമ്പ് വളഞ്ഞവഴി എസ്.എൻ കവലയിൽ നിന്ന് തിരിഞ്ഞ് കഞ്ഞിപ്പാടം വൈശ്യ ഭാഗം ചമ്പക്കുളം വഴി എടത്വായിലെത്തിയും ചക്കുളത്ത് കാവിലേക്ക് പോകാനാകും.
ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡിന്റെ നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ അതുവഴി പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെടാൻ സാധ്യത ഏറെയാണ്. പുതുതായി നിർമിച്ച പണ്ടാരക്കളം പാലത്തിലൂടെ വാഹന ഗതാഗതം തുടങ്ങിയിട്ടില്ല. അവിടെ വാഹനങ്ങൾ കടത്തിവിടുന്നത് ഇടുങ്ങിയ റോഡിലൂടെയാണ്. ഒരുസമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ് കടത്തിവിടുക. അവ പോയതിനു ശേഷമാണ് അടുത്ത ഭാഗത്തുകൂടിയുള്ളവ കടത്തിവിടുക. ഇതിനായി ഇപ്പോൾ അരമണിക്കൂറോളം വാഹനങ്ങൾ അവിടെ കാത്തുകിടക്കേണ്ട അവസ്ഥയുണ്ട്. പൊങ്കാല ദിവസം വൻതോതിൽ വാഹനങ്ങളെത്തുമെന്നതിനാൽ മണിക്കൂറിലേറെ കാത്തുകിടക്കേണ്ടിവരും.
എ.സി റോഡിൽ ഇനി പണ്ടാരക്കളം പാലവും പള്ളാത്തുരുത്തി പാലവുമാണ് തുറക്കാനുള്ളത്. പണ്ടാരക്കുളം പാലം നിർമാണം ഭൂരിഭാഗവും പൂർത്തിയായി. പള്ളാത്തുരുത്തിയുടെ നിർമാണം തുടങ്ങിയിട്ടേയുള്ളൂ.
പണ്ടാരക്കളം പാലത്തിന് കുറുകെ കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നതാണ് പാലം തുറന്നു നൽകുന്നതിന് പ്രധാന തടസം. വൈദ്യുതി ലൈൻ ഉയർത്താൻ കഴിഞ്ഞ ദിവസം തീരുമാനമായിട്ടുണ്ട്. ദേശീയ ജലപാതയുടെ ചട്ടത്തിൽ കുടുങ്ങിയാണ് പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണം നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.