അമ്പലപ്പുഴ: ആലപ്പുഴ ടി.ഡി. ഗവ. മെഡിക്കൽ കോളജിന്റെ പൊളിച്ചുനീക്കിയ ചുറ്റുമതിൽ നിർമാണത്തിന് സർക്കാർ ഭരണാനുമതി. പൊളിച്ചിട്ട മതിൽ മൂന്നു വർഷമായി പുനർനിർമിക്കാത്തതിനാൽ വിദ്യാർഥികൾ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ 24 നുള്ളിൽ ചുറ്റുമതിൽ നിർമിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും അതും നടപ്പാക്കാതെ വന്നു. ‘കോടതി ഉത്തരവ് കാലാവധിയും പിന്നിട്ടു; ചുറ്റുമതിലിനായി വിദ്യാർഥികൾ’ എന്ന തലക്കെട്ടിൽ കഴിഞ്ഞ 29 ന് മാധ്യമം ഇതു വാർത്തയാക്കിയിരുന്നു. കോടതി അലക്ഷ്യ നടപടികളിലേക്ക് പി.ടി.എ. പോകുമെന്ന സാഹചര്യത്തിലായതോടെയാണ് സർക്കാർ കണ്ണ് തുറന്നത്.
ചുറ്റുമതിൽ നിർമിക്കാണത്തിന് 1.27 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, ദേശീയപാത അധികൃതർ, എം.പി , എം.എൽ.എ മാർ, പൊതുമരാമത്ത് അധികൃതർ എന്നിവർക്ക് നിരന്തര നിവേദനം നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോളജിലെ ആറു വിദ്യാർഥിനികളുടെ നേത്യത്വത്തിൽ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തത്.
മൂന്നു മാസത്തിനുള്ളിൽ മതിൽ പണിയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാനും അധികൃതർ തയാറായില്ല. പെൺകുട്ടികളുൾപ്പെടെ പത്തിലധികം ഹോസ്റ്റലുകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ, പരമപ്രധാനമായ സാമ്പിളുകൾ സൂക്ഷിക്കുന്ന പാതോളജി-മൈക്രോബയോളജി-അനാട്ടമി ലാബുകൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന കോളജ് കാമ്പസിൽ സാമൂഹിക വിരുദ്ധ ശല്യവും നായശല്യവും രൂക്ഷമായിരുന്നു. രാത്രി പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ അപരിചതർ കയറിയതും പരാതിക്ക് വഴിയൊരുക്കി.
നിർമാണ പ്രവർത്തനം പൂർത്തീകരിക്കുന്നതുവരെ കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.ടി.എ. ഭാരവാഹികൾ അറിയിച്ചു. ചുറ്റുമതിൽ നിർമാണത്തിന് ഭരണാനുമതി ലഭിച്ചതിൽ മധുര വിതരണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. എസ്.ജെ. ജെസി, പി.ടി.എ. പ്രസിഡന്റ് സി. ഗോപകുമാർ, വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ, ട്രഷറർ ഡോ. സ്മിത ജി. രാജ്, ഡോ. ഉദയമ്മ, എസ്. പുഷ്പരാജൻ, വിദ്യാർഥികളായ മുഹമ്മദ് ആഷിക്ക്, ആൻസി മോത്തിസ്, സുൽത്താന ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.