ആലപ്പുഴ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും നഗരത്തിലെ മാലിന്യ ശേഖരണ ബിന്നുകളുടെ പരിപാലനത്തിനും ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി 50 തൊഴിലാളികളെകൂടി നിയമിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വാക്ക് ഇൻ ഇന്റർവ്യൂ, കായികക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ശുചീകരണ തൊഴിലാളികളുടെ 46 ഒഴിവുകൾ നികത്താൻ രണ്ടുദിവസം മുമ്പ് ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരിക്കുന്ന തരംതിരിച്ച അജൈവ മാലിന്യങ്ങളും നിഷ്ക്രിയ മാലിന്യങ്ങളും കൊണ്ടുപോകാൻ ക്ലീന്‍ കേരള കമ്പനിക്കൊപ്പം അംഗീകാരമുള്ള ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്താനും കോഴി മാലിന്യങ്ങള്‍ നീക്കുന്നതിന് ശുചിത്വ മിഷന് അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്നും പ്രത്യേക താൽപര്യപത്രം ക്ഷണിക്കാനും ചിക്കന്‍, ബീഫ്, മട്ടന്‍ സ്റ്റാളുകളുടെ വ്യാപാര ലൈസന്‍സ് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നല്‍കാനും തീരുമാനിച്ചു.
അംഗൻവാടി നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്ന ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയിൽ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, പ്രതിപക്ഷ നേതാവ് അഡ്വ. റീഗോരാജു, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി സൗമ്യരാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ എന്നിവരങ്ങുന്ന സമിതി പരിശോധിക്കും.
ജില്ലകോടതി പാലം നിർമാണവുമായി ബന്ധപ്പെട്ട് നഗര ചത്വരത്തില്‍ താല്‍ക്കാലികമായി ഒരുക്കിയ വഴിയില്‍കൂടി ഭാരവാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, ഓട്ടോ-കാര്‍ അടക്കമുള്ള വാഹനങ്ങളുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കും. കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജല അതോറിറ്റിയുമായി ഉടൻ ചർച്ച നടത്തും.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈൻ, കൗൺസിലർമാർരായ എം.ആർ. പ്രേം, എ.എസ്. കവിത, നസീർ പുന്നക്കല്‍, ആര്. വിനിത, എം.ജി. സതീദേവി, സൗമ്യരാജ്, അഡ്വ. റീഗോ രാജു, സലിം മുല്ലാത്ത്, ഹരികൃഷ്ണന്, സി. അരവിന്ദാക്ഷന്, ആര്. രമേശന്, കൊച്ചു ത്രേസ്യാമ്മ ജോസഫ്, ഹെലന് ഫെര്‍ണാണ്ടസ്, സെക്രട്ടറി ഷിബു എൽ. നാലപ്പാട്ട് എന്നിവർ സംസാരിച്ചു.
ആലപ്പുഴ: പുതിയ തൊഴിലാളികളുടെ താൽക്കാലിക നിയമനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയമാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. റീഗോ രാജു. സുതാര്യത ഇല്ലാതെ എംപ്ലോയ്മെന്റ് ലിസ്റ്റ് നോക്കുകുത്തിയാക്കി താൽപര്യമുള്ളവരെ ഭരണം അവസാനിക്കുന്നതിന് മുമ്പ് തിരുകി കയറ്റാനുള്ള ശ്രമമാണിത്. വർഷങ്ങളായി മെയിന്റനൻസ് ചെയ്യാത്തത് മൂലം നശിക്കുന്ന ഏറോബിക് കമ്പോസ്റ്റുകളും, ആരുടെയും മേൽനോട്ടം ആവശ്യമില്ലാത്ത ബയോബിന്നുകളും സംരക്ഷിക്കാൻ ഇനിയും തൊഴിലാളികളെ അടിയന്തരമായി വേണമെന്നുള്ളത് അനാവശ്യമാണ്. ശമ്പളം നൽകാൻ ഇല്ലാത്തതിന്റെ പേരിൽ നൂറിൽപരം ശുചീകരണ തൊഴിലാളികളെ പറഞ്ഞുവിട്ട അതേ ഭരണസമിതിയാണ് ഇപ്പോൾ പുതിയ ആളുകളെ എടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.