ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിൽ ഓഫിസ് പ്രവർത്തനത്തിനായി ഒരുക്കിയിരിക്കുന്ന
ക്രമീകരണം
ആലപ്പുഴ: നഗരസഭയുടെ പ്രവര്‍ത്തനങ്ങൾ തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ ലഭ്യമാകും. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന പ്രവർത്തനം അവധി ദിവസങ്ങളായ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്നു.
തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും തടസ്സമില്ലാതെ നല്‍കാനുള്ള നിലയിലാണ് മാറ്റിസ്ഥാപിക്കൽ പുരോഗമിക്കുന്നത്. അടുത്ത ദിവസം തന്നെ വിപുലമായ ഉദ്ഘാടന പരിപാടികളോടെ നഗരസഭയുടെ മുഴുവൻ സേവനങ്ങളും ശതാബ്ദി മന്ദിരത്തില്‍ സംയോജിപ്പിച്ച് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. 2016-17 കാലയളവിലാണ് ശതാബ്ദി മന്ദിരം നിർമാണം ആരംഭിച്ചത്. 15 കോടിയിലധികമാണ് നിർമാണച്ചെലവ്.
ആർക്കിടെക്ട് ജി. ശങ്കർ മാനേജിങ് ഡയറക്ടറായുള്ള ഹാബിറ്റാറ്റ് ടെക്നോളജീസിനായിരുന്നു നിർമാണ ചുമതല. ഇന്റീരിയർ, ഫർണിച്ചർ തുടങ്ങിയ പ്രവൃത്തികൾ സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ ആര്ട്കോയാണ് നിര്‍വഹിച്ചത്.
ഇപ്പോഴത്തെ കെട്ടിടത്തിൽനിന്ന് നഗരസഭ ഓഫിസും കൗൺസിൽ ഹാളും ഉൾപ്പെടെയുള്ള ഓഫിസ് സംവിധാനം പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റും. നഗരസഭ ഭാവിയിൽ കോർപറേഷൻ ആയാൽ 125 പേര്‍ക്കിരുന്ന് യോഗം നടത്താവുന്ന തരത്തിലുള്ള കോണ്‍ഫറന്‍സ് ഹാളാണ് കെട്ടിടത്തിന്റ നാലാം നിലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, റവന്യൂ, എൻജിനീയറിങ്, ആരോഗ്യ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേകം കാബിനുകളുമുണ്ട്. റവന്യൂ, ജനറൽ സെക്ഷൻ, പെൻഷൻ വിഭാഗം, പി.എം.എ.വൈ എന്നീ വിഭാഗങ്ങൾ ഇപ്പോഴുള്ള സൗകര്യങ്ങളുടെ പത്തിരട്ടിയോളം വിപുലമായ സംവിധാനത്തിലേക്കാണ് മാറുന്നത്. ആരോഗ്യ വിഭാഗത്തിന്റെ 10 സർക്കിളുകളും പുതിയ മന്ദിരത്തിലേക്ക് മാറും. ഇതിൽ അഞ്ച് എണ്ണം ഇപ്പോൾ പുറത്ത് വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. വിശ്രമ സ്ഥലം, ശുചിമുറി, അംഗപരിമിതര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടം, എ.സി മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.