കെ-സ്മാർട്ട് പദ്ധതിയുടെ ആലപ്പുഴ നഗരസഭതല ഉദ്ഘാടനം വൈസ് ചെയർമാൻ
പി.എസ്.എം. ഹുസൈൻ നിർവഹിക്കുന്നു
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ സേവനങ്ങൾ ബുധനാഴ്ച മുതൽ പൂർണമായും ഓൺലൈനാകും. സാധാരണക്കാർക്ക് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന കെ-സ്മാർട്ട് പദ്ധതിയിലൂടെയാണ് പുതിയസംവിധാനം. സംശയദുരീകരണത്തിന് ഫെസിലിറ്റേഷൻ സെന്ററും ഹെൽപ് ഡെസ്കും തുറന്നിട്ടുണ്ട്. തുടക്കത്തിൽ എട്ട് സേവനങ്ങളാണ് കിട്ടുക. ജനന-മരണ-വിവാഹ രജിസ്ട്രേഷന്, വ്യാപാര-വ്യവസായ ലൈസന്‍സ്, വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫിനാന്‍സ് മൊഡ്യൂള്‍, കെട്ടിട നിർമാണ അനുമതി, പൊതുജന പരാതിപരിഹാരം എന്നിവയാണത്.
ആധാറുമായി ലിങ്ക് ചെയ്ത ഫോണിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഏത് വകുപ്പുമായി ബന്ധപ്പെട്ട വിവരത്തിനും കൃത്യമായി മറുപടി ലഭിക്കും. കാലതാമസമുണ്ടായാൽ ‘ഫയൽ’ കുടുങ്ങികിടക്കുന്നത് എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കി പരിഹാരമുണ്ടാക്കാൻ കഴിയുമെന്ന് ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വിവാഹരജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് വധൂവരന്മാർക്ക് ഓഫിസുകൾ കയറിയിറങ്ങേണ്ടി വരില്ല. സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷനൽകിയാൽ മതിയാകും. ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയതോതില്‍ കുറക്കുന്നതിനൊപ്പം സേവനം കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാകും.
കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാൻസ്ഫര്മേഷന് (കെ-സ്മാര്‍ട്ട് ) തദ്ദേശവകുപ്പിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അവയുടെ തൽസ്ഥിതി അറിയാനുമാകും.
കെട്ടിടനിർമാണത്തിനുള്ള അപേക്ഷയിൽ ഭൂമി സംബന്ധമായ വിവരങ്ങൾ സ്കാന്‍ ചെയ്യുമ്പോള്‍ത്തന്നെ ഇത് ചട്ടപ്രകാരമാണോയെന്ന് തിരിച്ചറിയാം. തീരദേശപരിപാലന നിയമപരിധി, റെയില്‍വേ-എയര്‍പോര്‍ട്ട് സോണുകൾ, പരിസ്ഥിതിലോല പ്രദേശം തുടങ്ങിയവ അറിയാനാകും. കെട്ടിടത്തിന് പറ്റിയ ഭൂമിയാണെങ്കിൽ അനുമതികിട്ടും.
കെ-സ്മാര്ട്ടില് വ്യക്തികള്‍ നല്കുന്ന വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനാവില്ല. സിറ്റിസണ്‍ ലോഗിനില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും അക്ഷയ, കുടുംബശ്രീ ഹെല്പ് ഡെസ്ക് വഴിയും രജിസ്റ്റര്‍ ചെയ്യാം. കൈപ്പറ്റ് രസീതിന്റെ വിവരങ്ങൾ എസ്.എം.എസായും മെയിലിലും വാട്ട്സാപ്പിലുംവരും.
1. സിവില്‍ രജിസ്ട്രേഷന് (ജനനം, മരണം,വിവാഹം): വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനായി ഇ-കെ.വൈ.സി. സംവിധാനത്തിലാക്കും
2. ബിസിനസ് ഫെസിലിറ്റേഷന്‍: വ്യാപാര-വ്യവസായ ലൈസന്‍സ് തുടങ്ങിയവ
3. നികുതികള്‍: കെട്ടിടം പൂര്‍ത്തിയായാലുടന്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റ്, നികുതിനിര്‍ണയം, കെട്ടിടങ്ങളുടെ കാലപ്പഴക്കം, വിലാസം, ഉടമയുടെ വിവരങ്ങള്‍, കൈവശവിവരം, നികുതി എന്നിവയെല്ലാം കിട്ടും
4. യൂസർ മാനേജ്മെന്റ്: ലളിതമായ യൂസര്മാപ്പിങ്, പിന്‍നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയല്‍
5. ഫയല്‍ മാനേജ്മെന്റ്: സംസ്ഥാനത്താകെ ഏകീകൃത ഫയല്സംവിധാനം
6. ഫിനാന്‍സ്: ബജറ്റ് അനുസൃതസാമ്പത്തിക നടപടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കും വായിക്കാം
7. കെട്ടിടങ്ങള്‍ക്ക് അനുമതി: ജി.ഐ.എസ് ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍. പെര്‍മിറ്റ് വിവരങ്ങളും ഓണ്‍ലൈനില്‍
8. പൊതുജന പരാതിപരിഹാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.